ശശീന്ദ്രന് മന്ത്രി സ്ഥാനം നഷ്ടമാകില്ല!!തിരികെ എത്തും? നിര്‍ണായക തീരുമാനം ഉടന്‍!!
മന്ത്രിയുമായി സംസാരിച്ചത് മാധ്യമ പ്രവര്‍ത്തകയാണെന്നു വ്യക്തമാക്കി ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനല്‍ തന്നെ രംഗത്തെത്തിയതോടെയാണ് ശശീന്ദ്രനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്.
തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തില്‍ കുടുങ്ങി രാജിവച്ച ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന നടക്കുന്നു.
മന്ത്രിയുമായി സംസാരിച്ചത് വീട്ടമ്മയല്ലെന്നും മാധ്യമ പ്രവര്‍ത്തകയാണെന്നും വ്യക്തമാക്കി ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനല്‍ തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തിയതോടെയാണ് ശശീന്ദ്രനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. വ്യാഴാഴ്ചയാണ് ചാനല്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടിയില്‍ രണ്ടഭിപ്രായം
രാജിവച്ച ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം വ്യക്തമാക്കി ചാനല്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ രണ്ടഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. ശശീന്ദ്രനെ തിരികെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

തോമസ്ചാണ്ടിയോട് എതിര്‍പ്പ്
ശശീന്ദ്രനെതിരായത് അനാവശ്യ വിവാദമാണെന്നും അതിനാല്‍ ഒഴിവാക്കേണ്ടതില്ലെന്നുമാണ് ശശീന്ദ്രനെ തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെടുന്നവരുടെ വാദം. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും സിപിഎം നേതൃത്വത്തിനും അനുകൂല നിലാപാടല്ല എന്നാണ് സൂചന.

എല്‍ഡിഎഫ് അടിയന്തര യോഗം
ശശീന്ദ്രന്റെ രാജിയും പുതിയ മന്ത്രി ആരാകുമെന്നും ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണിയുടെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശശീന്ദ്രനെ തിരികെ കൊണ്ടുവരണോ അതോ തോമസ് ചാണ്ടിയെ മന്ത്രിയാക്കണോയെന്ന് എല്‍ഡിഎഫ് യോഗം തീരുമാനിക്കും.

ശശീന്ദ്രന്‍ പറയുന്നത്
മന്ത്രിയായി തിരികെയെത്തണോ വേണ്ടയോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നാണ് ശശീന്ദ്രന്‍ പറയുന്നത്. വിവാദത്തിനു പിന്നാലെ ശശീന്ദ്രന്‍ രാജിവച്ചതും , ചാനലിനെതിരെ പൊതുസമൂഹത്തില്‍ വിമര്‍ശനം കടുത്തതും ശശീന്ദ്രന് അനുകൂലമായിട്ടുണ്ട്.

സ്റ്റിങ് ഓപ്പറേഷന്‍
വ്യാഴാഴ്ച വൈകിട്ടോടെയാണ് തങ്ങള്‍ക്ക് പറ്റിയ വീഴ്ച ഏറ്റുപറഞ്ഞ് ചാനലിന്റെ സിഇഒ രംഗത്തെത്തിയത്. ചാനലിലൂടെ തന്നെയായിരുന്നു ഏറ്റുപറച്ചില്‍. അതൊരു സ്റ്റിങ് ഓപ്പറഷനെന്നും സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications