തഞ്ചത്തിന് നില്‍ക്കാന്‍ 'ഐ', യുദ്ധത്തിനൊരുങ്ങി 'എ' ; കുരുക്ഷേത്രത്തിലകപ്പെട്ട് സുധീരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ യുദ്ധം പ്രഖ്യാപിച്ച് എ ഗ്രൂപ്പ്. കെപിസിസി പ്രസിഡന്റ് വൈസ് പ്രസിഡന്റ് എംഎം ഹസന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സെക്കുലര്‍ മാര്‍ച്ചില്‍ നിന്ന് വിഎം സുധീരനെ ഒഴിവാക്കിയതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭിന്നത വീണ്ടും അണപൊട്ടി ഒഴുകുന്നത്.
ജനശ്രീയുടെ ചെയര്‍മാന്‍ കൂടിയായ എംഎം ഹസന്റെ നേതൃത്വത്തില്‍ കെപിസിസിയിലെ എ വിഭാഗം സുധീരനെതിരെ നടത്തിവരുന്ന പോരാട്ടം ഇതോടെ പുതിയ തലത്തിലേക്ക് കടക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങി അഞ്ചിന് ശിവഗിരിയില്‍ അവസാനിക്കുന്ന സെക്കുലര്‍ മാര്‍ച്ച് ജനശ്രീമിഷന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിക്കുന്നത്. സുധീരനെ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് എ ഗ്രൂപ്പ് നീങ്ങുന്നു എന്നതിന് സെക്കുലര്‍ മാര്‍ച്ച് ഉദാഹരണമാണ്.

വിരുദ്ധ നീക്കം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ്ണ അനുഗ്രഹാശിസ്സുകളോടെയാണ് സുധീരന്‍ വിരുദ്ധ നീക്കം നടക്കുന്നതെന്നാണ് സൂചന.

സുധീരന്‍ സ്ഥലത്തുണ്ട്
സെക്കുലര്‍ മാര്‍ച്ചിന്റെ ഉദ്ഘാടനവും സമാപനവും ഉള്‍പ്പെടെ എല്ലാ പരിപാടികളില്‍ നിന്നും സുധീരനെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ സുധീരന്‍ പങ്കെടുക്കുന്നുമുണ്ട്.

സുധീരനുണ്ട്
സുധീരന്‍ അന്ന് തലസ്ഥാനത്ത് ഇല്ലാത്തതുകൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് അനൗദ്യോഗികമായി എ ഗ്രൂപ്പുകാര്‍ പറയുന്നുണ്ടെങ്കിലും അത് നുണയാണെന്ന് വ്യക്തമാണ്.

രമേശ് ചെന്നിത്തല
ഇടക്കാലത്ത് സുധീരനെതിരെ എ വിഭാഗത്തിനൊപ്പം നിന്ന് നീക്കങ്ങള്‍ ശക്തമാക്കിയ ഐ ഗ്രൂപ്പും നേതാവ് രമേശ് ചെന്നിത്തലയും സുധീരന് പിന്തുണയുമായി രംഗത്ത് വരുന്നുണ്ട്.

അരുതാത്തത് ഒന്നും പറഞ്ഞില്ല
കെ ബാബുവിന്റെ വിഷയത്തില്‍ സുധീരന്റെ മൗനത്തെ പിന്തുണയ്ക്കുന്ന തരത്തില്‍ രമേശ് ചെന്നിത്തല സംസാരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് ബാബുവിന്റെ കാര്യത്തില്‍ അരുതാത്തതൊന്നും പറഞ്ഞില്ലല്ലോ എന്നാണ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

സുധീരന്‍ വിരുദ്ധ നീക്കം
പാര്‍ട്ടിയെ ശക്തിപ്പെടുത്തി കൈപ്പിടിയിലാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമമാണ് സുധീരന്‍ വിരുദ്ധ നീക്കങ്ങളെന്നാണ് സുധീരനുമായി അടുപ്പമുള്ളവര്‍ പങ്കുവെക്കുന്നത്.












Click it and Unblock the Notifications