സന്ദീപ് വാര്യറെ ഇറക്കും, ബിജെപി വോട്ടുകള്‍ ചോർത്തും ; തൃശൂർ തിരികെ പിടിക്കാനുറച്ച് കോണ്‍ഗ്രസ്
തൃശൂർ: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശൂർ നിയമസഭ മണ്ഡലത്തില്‍ സന്ദീപ് വാര്യറെ ഇറക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സന്ദീപ് മത്സരത്തിന് എത്തുകയാണെങ്കില്‍ ഒരുകാലത്ത് പാർട്ടിയുടെ കുത്തകയായിരുന്ന മണ്ഡലം തിരിച്ച് പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിക്കുകയാണെങ്കില്‍ അത് ബി ജെ പിക്ക് സ്വാധീനമുള്ള ഇടമായിരിക്കണമെന്ന ആവശ്യം സന്ദീപ് കെ പി സി സി നേതൃത്വത്തിന് മുമ്പാകെ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും കൃത്യമായ സൂചന ലഭിക്കുന്നതോടെ സന്ദീപ് വാര്യർ തൃശൂരിലെ പ്രവർത്തനം ശക്തമാക്കും. ബി ജെ പി നേതാവായിരികുന്ന കാലത്ത് സന്ദീപിന് വലിയ ബന്ധങ്ങളുള്ള നഗരമാണ് തൃശൂർ എന്നതും അനുകൂല ഘടകമാണ്. ഒറ്റപ്പാലവും തൃത്താലയുമൊക്കെ സന്ദീപ് വാര്യർക്കായി പരിഗണിക്കുന്നുണ്ടെങ്കിലും ബി ജെ പിയുടെ എ ക്ലാസ് മണ്ഡലത്തില്‍ അവർക്ക് ഏറ്റവും ശക്തനായ എതിരാളിയെ തന്നെ ഇറക്കാം എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന തന്ത്രം.

നിലവില്‍ സി പി ഐയുടെ സിറ്റിങ് സീറ്റാണ് തൃശൂർ. എന്നാല്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഒന്നാമത് എത്തിയപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരന്‍ രണ്ടാമതുമെത്തി. സുരേഷ് ഗോപിയും മുരളീധരനും തമ്മില്‍ 14000 വോട്ടിന്റെ വ്യത്യാസമാണുണ്ടായത്. അതുകൊണ്ട് ഇത്തവണ മണ്ഡലത്തില്‍ ബി ജെ പിയും വിജയം പ്രതീക്ഷിക്കുന്നുണ്ട്.
മുരളിക്ക് ലഭിച്ച വോട്ടുകള്‍ നിലനിർത്താനും സന്ദീപിലൂടെ ബി ജെ പിക്ക് ലഭിച്ച ഭൂരിപക്ഷ വോട്ടിൽ വിള്ളൽ വീഴ്ത്തിയും മണ്ഡലം തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം സന്ദീപ് വരുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റഴും വലിയ വെല്ലുവിളിയാകുക സീറ്റ് ലക്ഷ്യം വെച്ചിരിക്കുന്ന മറ്റ് നേതാക്കള്‍ തന്നെയാകും.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാർത്ഥി പി ബാലചന്ദ്രന്‍ യു ഡി എഫിലെ പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയത് 946 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. എല്‍ ഡി എഫിന് 44263 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫിന് 43317 വോട്ട് നേടാനായി. മൂന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ഗോപി 40457 വോട്ടുമായി അന്ന് മികച്ച പ്രകടനം നടത്തിയതും ശ്രദ്ധേയമായി. 1991 മുതല്‍ 2011 വരെ തുടചർച്ചായായി അഞ്ച് തവണ കോണ്‍ഗ്രസിലെ തേറമ്പില്‍ രാമകൃഷ്ണന്‍ വിജയിച്ച മണ്ഡലം 2016 ല്‍ വിഎസ് സുനില്‍ കുമാറിലൂടെയാണ് എല്‍ ഡി എഫ് തിരിച്ച് പിടിച്ചത്.












Click it and Unblock the Notifications