കോണ്‍ഗ്രസിന്റെ ആരോപണം സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തിലുള്ളത്; ജോജുവിന് പിന്തുണയുമായി അലക്‌സാണ്ടര്‍
കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് ദേശീയ പാത തടസപ്പെടുത്തി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയേറുന്നു. സമൂഹിക - രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ജോജു മദ്യപിച്ച് കയ്യേറ്റം നടത്തിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
എന്നാല്‍ പൊലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിച്ചില്ലെന്ന് തെളിഞ്ഞു. ഇപ്പോള്‍ നടന്‍ അലക്‌സാണ്ടര്‍ പ്രശാന്തും ജോജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലാണ് അലക്‌സാണ്ടര്‍ പ്രശാന്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തിലുള്ളതാണെന്നും ലൈവായി ആളുകള്‍ കണ്ട കാര്യത്തില്‍ എവിടെയാണ് വനിതകളെ അപമാനിച്ചതെന്ന് പ്രശാന്ത് ചോദിക്കുന്നു. വളരെ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് എറണാകുളത്ത് അരങ്ങേറിയത്. ഇടപ്പള്ളി മുതല്‍ വൈറ്റില വരെ വാഹനഗതാഗതം നിരോധിച്ചുകൊണ്ടുള്ള സമരം നടക്കുകയും അതിനെതിരെ പൊതുജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

പ്രതിഷേധത്തിന് മുന്നില്‍ ഒരു സിനിമ നടന്‍ നിന്നു എന്നുള്ളത് പ്രതിഷേധ പ്രകടനം നടത്തിയവരുടെ അഭിമാനത്തെ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ഉന്നയിക്കുന്നത്, കോളേജിലും സ്‌കൂളിലും പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്യോന്യം ചെളിവാരിയെറിയുന്ന കുറേ കാരണങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള ഒരു കാരണങ്ങളാണിതെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

എത്രയോ വര്‍ഷക്കാലം ഇന്ത്യ ഭരിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് ഒരു അഡ്രസ് പോലും ഇല്ലാതിരിക്കുന്നത്. എത്രയോ കാലം ബംഗാളില്‍ ഭരിച്ചിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതിരിക്കുന്നത്. ഇതൊക്കെ മനസിലാക്കണമെന്ന് അദ്ദേഹം പറയുന്നു. പൊതു ജനങ്ങളുടെ വികാരം മനസിലാക്കാതെ മുന്നോട്ട് പോയാല്‍ സ്വന്തം നേട്ടത്തിന് വേണ്ടി മുന്നോട്ട് പോയാല്‍ ഉണ്ടാകാന്‍ പോകുന്ന വലിയ നഷ്ടം എന്താണെന്ന് മനസിലാക്കിയിട്ടില്ലെങ്കില്‍ ഖേദകരം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, സംഭവത്തില്‍ മാപ്പുപറയില്ലെന്ന് ജോജു നേരത്തെ വ്യക്തമാക്കിയിരുന്നു. ജോജു മദ്യപിച്ചിട്ടില്ലെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷമായി താന്‍ മദ്യപിക്കാറില്ലെന്നും ജോജു നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ പോകുന്നവര്‍ അടക്കം കോണ്‍ഗ്രസിന്റെ സമരത്തില്‍ കുടുങ്ങി പോയിരുന്നു. ഇവര്‍ക്ക് എവിടെയും പോകാനാവാത്ത വിധം സമരത്തിനിടയില്‍പ്പെട്ടുപോവുകയായിരുന്നു. താന്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞിരുന്നു.












Click it and Unblock the Notifications