പ്രവർത്തക സമിതി പ്രഖ്യാപിച്ച് കോൺഗ്രസ്; തരൂരും സച്ചിൻ പൈലറ്റും ഇടം പിടിച്ചു,ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
ഡൽഹി: പുതിയ പ്രവർത്തക സമിതി പ്രഖ്യാപിച്ച് കോൺഗ്രസ്. കേരളത്തിൽ നിന്ന് ശശി തരൂർ സമിതിയിൽ ഇടംപിടിച്ചു. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാവ് എകെ ആന്റണിയേയും കെസി വേണുഗോപാലിനേയും സമിതിയിൽ നിലനിർത്തി.
പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവരടക്കമുള്ള 39 പേരാണ് സമിതി അംഗങ്ങൾ. ഇത് കൂടാതെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്. എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന യൂത്ത് കോൺഗ്രസ്, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ , മഹിളാ കോൺഗ്രസ്, സേവാദൾ എന്നീ സംഘടനകളിൽ നിന്നുള്ള 4 പേരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിൽ വിമത സ്വരം ഉയർത്തിയ യുവ നേതാവ് സച്ചിൻ പൈലറ്റിനേയും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് നിൽക്കുന്ന സച്ചിനെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് നിയമനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തേ ഗെഹ്ലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സച്ചിൻ ഉയർത്തിയിരുന്നു. ദേശീയ നേതൃത്വം തന്റെ ആവശ്യം അംഗീകരിക്കുന്നില്ലെന്ന അതൃപ്തിയും സച്ചിനുണ്ടായിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെഹ്ലോട്ടിനെ മാറ്റി നിർത്തുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തൽ നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് സച്ചിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ശശി തരൂരിനെ കൂടാതെ ജി23 അംഗങ്ങളായ മുകുൾ വാസ്നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തേ തരൂർ അടക്കമുള്ള നേതാക്കൾ ഇടംപിടിച്ചേക്കില്ലെന്ന നിലയ്ക്കായിരുന്നു ചർച്ചകൾ. അതിനിടെ പ്രവർത്തക സമിതിയിൽ കൂടുതൽ യുവ നേതാക്കളെ ഉൾപ്പെടുത്തുമെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപിച്ചതെങ്കിലും 50 ൽ താഴെ പ്രായമുള്ള വെറും 3 നേതാക്കൾ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. സച്ചിൻ പൈലറ്റിനെ കൂടാതെ ഗൗരവ് ഗൊഗോയ്, കെ പട്ടേൽ എന്നിവരാണ് 50 വയസിൽ താഴെയുള്ള മറ്റ് നേതാക്കൾ. പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയിൽ ഉണ്ട്.
പ്രവർത്തക സമിതി അംഗങ്ങൾ
മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, ഡോ.മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, എകെ ആന്റണി, അംബിക സോണി, മീരാ കുമാർ, ദിഗ്‌വിജയ് സിങ്, പി ചിദംബരം, താരിഖ് അൻവർ, ലാൽ തനവാല, മുകുൾ വാസ്നിക്, ആനന്ദ് ശർമ, അശോക് റാവു ചവാൻ, അജയ് മാക്കൻ, ചരൺജിത് സിംഗ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെൽജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂർ, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രൺദീപ് സിങ് സുർജേവാല, സച്ചിൻ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോർ, ജിഎ മിർ, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുൻഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീർ ഹുസൈൻ, കമലേശ്വർ പട്ടേൽ, കെസി വേണുഗോപാൽ












Click it and Unblock the Notifications