കോടിയേരിക്ക് അർഹമായ വിലാപയാത്ര അട്ടിമറിച്ചത് ആര്? സിപിഎമ്മിനെ കടന്നാക്രമിച്ച് കോൺഗ്രസ്
കണ്ണൂര്‍: തലസ്ഥാനത്ത് പൊതുദര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ ആഗ്രഹിച്ചിരുന്നുവെന്നും മക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടും അത് നടന്നില്ല എന്നുമുളള വിനോദി ബാലകൃഷ്ണന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. മക്കളായ ബിനീഷും ബിനോയിയും കോടിയേരിയുടെ ആഗ്രഹത്തെ കുറിച്ച് എംവി ഗോവിന്ദനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയില്ല എന്നുമാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദിനി പറഞ്ഞത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുളളവര്‍ സിപിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു. കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ട് പോകാനുളള നീക്കം അട്ടിമറിച്ചത് പിണറായി വിജയന്‍ ആയിരുന്നുവെന്നും അദ്ദേഹം കോടിയേരിയേക്കാള്‍ പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിന് ആയിരുന്നുവെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിനെതിരെ രംഗത്ത് വന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ശ്രീ കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമർശനം ഉയർന്നതാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അർഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്.
ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാർട്ടി സെക്രട്ടറി ശ്രീ MV ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധർമ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തു. അപ്പോൾ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക? ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക?
എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ MDയുമായ SR വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം.... ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് CPMലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്.''












Click it and Unblock the Notifications