ജോസഫിന്റെ സീറ്റുകളിൽ കണ്ണുംനട്ട് കോൺഗ്രസ്; ‘തെക്കൻ തല്ലി’ൽ യുഡിഎഫിന് പരിക്കേൽക്കുമോ?
കോട്ടയം: സീറ്റ് വടംവലിയുടെ പേരിൽ കോൺഗ്രസിനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുമിടയിൽ ഒരു 'തെക്കൻ തല്ല്' നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകൾക്കായി കോൺഗ്രസ് ശക്തമായി വാദിക്കുന്നത് യു.ഡി.എഫിന്റെ ജയസാധ്യതയെ അട്ടിമറിക്കുമോയെന്ന ആശങ്ക തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതിന് മുമ്പേ ഉടലെടുത്തിട്ടുണ്ട്.
ജയസാധ്യതയുടെ പേരിലാണ് ജോസഫ് ഗ്രൂപ്പിന്റെ പല സീറ്റുകളിലും കോൺഗ്രസ് അവകാശമുന്നയിക്കുന്നത്. മത്സരമോഹികളായ നേതാക്കൾ മാസങ്ങൾക്കു മുമ്പേ കളമൊരുക്കി തുടങ്ങിയിട്ടുമുണ്ട്. പ്രശ്നം പരിഹരിക്കപ്പെടാതെ പോയാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചനകളുടെയും പ്രാദേശിക ഘടകങ്ങളുടെയും പൊതുരാഷ്ട്രീയ അന്തരീക്ഷത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ നല്ല വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലങ്ങൾ പോലും കൈവിട്ടുപോകുമോയെന്ന ആശങ്ക പ്രവർത്തകർക്കിടയിലുമുണ്ട്.
തൊടുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഇടുക്കി, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ചത്. ഇതിൽ സിറ്റിങ് സീറ്റുകളായ തൊടുപുഴയും കടുത്തുരുത്തിയും ഒഴികെ എല്ലായിടത്തും കോൺഗ്രസ് കണ്ണുവെച്ചിട്ടുണ്ട്.

ഏറ്റുമാനൂരിൽ സർപ്രൈസ് എൻട്രി വരുമോ?
കാൽനൂറ്റാണ്ടായി ഇടുക്കിയിൽ വിജയം ആവർത്തിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനെ തോൽപ്പിക്കാൻ ജനപിന്തുണയും കഴിവുമുള്ള എതിരാളി ജോസഫ്ഗ്രൂപ്പിൽ ഇല്ലെന്നാണ് കോൺഗ്രസിന്റെ വാദം. ഇടുക്കിയിൽ സാമാന്യം ജനപ്രീതിയുള്ള മുൻ എം.പി. കെ. ഫ്രാൻസിസ് ജോർജിന് പോലും, കഴിഞ്ഞ തവണ ജയം റോഷിക്ക് ആയിരുന്നു. അതും 5573 വോട്ടിന്റെ ഭേദപ്പെട്ട ഭൂരിപക്ഷത്തിന്. കോൺഗ്രസിന് സ്വാധീനമുള്ള ഇടുക്കിയിൽ പാർട്ടി സ്ഥാനാർഥിയെ നിർത്തിയാൽ റോഷിയെ തളക്കാൻ കഴിയുമെന്നാണ് സീറ്റിനായി വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഏറ്റുമാനൂർ നോട്ടമിട്ട് പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനഘട്ടത്തിൽ തന്നെ ഏറ്റുമാനൂർ നിയമസഭയിലേക്ക് തങ്ങൾക്ക് പറഞ്ഞുവെച്ചതാണെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്.
എൽ.ഡി.എഫ് തരംഗം ആഞ്ഞുവീശിയ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡല പരിധിയിലെ അതിരമ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ജോസഫ് വിഭാഗം ജില്ലാപ്രസിഡന്റ് ജെയ്സൺ ജോസഫ് ഇക്കുറി പരാജയപ്പെട്ടപ്പോൾ തുടങ്ങിയ അസ്വാരസ്യമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. അതിനിടെ, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അവസാന നിമിഷം സ്ഥാനാർഥിയായി എത്തിയേക്കുമെന്ന പ്രതീക്ഷയും പ്രവർത്തകർക്കുണ്ട്.
ചങ്ങനാശ്ശേരിയിൽ ഏത് പാർട്ടി മത്സരിക്കുമെന്ന തർക്കം യു.ഡി.എഫിൽ സജീവമാണ്. കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ ജോസഫ് ഗ്രൂപ്പിലെ വി.ജെ. ലാലിയുടെ പേര് തന്നെയാണ് കേരള കോൺഗ്രസിന്റെ പട്ടികയിൽ മുൻഗണനയിലുള്ളത്. സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് മത്സരിക്കണമെന്ന വാദം പാർട്ടിക്കുള്ളിൽ ശക്തമാണ്. ജോസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മന്റെ പേരും ചർച്ചകളിൽ സജീവമാണ്. കുട്ടനാട്, കോതമംഗലം മണ്ഡലങ്ങളിലും സീറ്റ് വടംവലി ശക്തമാണ്.
താഴേത്തട്ടിലേക്ക് തർക്കം പടരാതിരിക്കാൻ നേതാക്കൾ
ചില സീറ്റുകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാതെ നീളുന്നത് താഴേത്തട്ടിൽ ഭിന്നത സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കുന്നുണ്ട് ഇരു വിഭാഗം നേതാക്കളും.പ്രവർത്തകർക്കിടയിൽ പരസ്പരം അവിശ്വാസം വളരുന്നത് വിജയിക്കാനുള്ള അനുകൂല സാഹചര്യത്തിന് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് നേതാക്കൾ. ഏത് പാർട്ടി സീറ്റ് ഉറപ്പിച്ചാലും ഫലത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തിലേക്ക് തർക്കം രൂക്ഷമാകാതെ നോക്കിയില്ലെങ്കിൽ ഇതര സീറ്റുകളിലടക്കം തിരിച്ചടി ഉണ്ടായേക്കുമെന്ന ഭീതി നേതാക്കളിലുണ്ട്.
ഹാട്രിക് വിജയം ലക്ഷ്യമിട്ട് ജനക്ഷേമ പദ്ധതികളുടെപേരും പറഞ്ഞ് ഇടതുമുന്നണി പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. യു.ഡി.എഫിന് ഭരണത്തിലെത്താൻ നേരിയ മുൻതൂക്കം മാത്രമാണുള്ളതെന്ന സാഹചര്യം കൂടി മനസ്സിലാക്കണമെന്നും ഇത്തരം തർക്കങ്ങളിലൂടെ ആ സാധ്യത കൂടി ഇല്ലാതാക്കരതെന്നുമുള്ള സന്ദേശമാണ് നേതാക്കൾ പ്രവർത്തകരിലേക്ക് എത്തിക്കുന്നത്.












Click it and Unblock the Notifications