ധർമ്മടത്ത് പിണറായിയോട് നേർക്ക് നേർ ഏറ്റുമുട്ടാനാര്? ആളെ തേടി കോൺഗ്രസ്, മുന്നിൽ സി രഘുനാഥ്
തിരുവനന്തപുരം: ഇക്കുറി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഏറെക്കുറെ ഉറപ്പിച്ച മട്ടാണ് ഇടതുപക്ഷം. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേയിലടക്കം ഇടത് ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.
ഇതുവരെ വന്ന എല്ലാ സര്‍വ്വേകളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും മുന്നില്‍ പിണറായി വിജയന് തന്നെയാണ്. ധര്‍മ്മടത്ത് പിണറായി വിജയനെ അട്ടിമറിക്കാന്‍ കരുത്തുളള സ്ഥാനാര്‍ത്ഥിയെ തേടുകയാണ് കോണ്‍ഗ്രസും ബിജെപിയും. വിശദാംശങ്ങളിങ്ങനെ...

ഭൂരിപക്ഷം ഉയർത്തുക ലക്ഷ്യം
2016ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പിണറായി വിജയന് ധര്‍മടത്തേക്ക് മത്സരിക്കാന്‍ എത്തിയത്. കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ മികച്ച ഭൂരിപക്ഷത്തിലാണ് പിണറായി തോല്‍പ്പിച്ചത്. ഇക്കുറി ജനപ്രിയനായ മുഖ്യമന്ത്രി എന്ന ഇമേജോടെ മത്സര രംഗത്തേക്ക് ഇറങ്ങുന്ന പിണറായി വിജയന്റെ ഭൂരിപക്ഷം എത്ര വര്‍ധിപ്പിക്കാം എന്നത് മാത്രമേ ധര്‍മ്മടത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കുന്നുളളൂ.

എതിരാളി ആര്
ധര്‍മ്മടത്ത് പിണറായി വിജയനെ അട്ടിമറിക്കാമെന്ന അതിമോഹം കോണ്‍ഗ്രസിനോ ബിജെപിക്കോ ഇല്ല. എങ്കിലും പിണറായി വിജയന് കടുത്ത മത്സരം നല്കാന് സാധിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ വേണം ധര്‍മ്മടത്ത് ഇറക്കാനെന്നാണ് പ്രതിപക്ഷ മുന്നണികള്‍ കരുതുന്നത്. പിണറായിക്ക് എതിരെ നില്ക്കാന് സംസ്ഥാന നേതാക്കള്‍ ഇല്ലെങ്കില്‍ ജില്ലാ നേതാക്കളാവും മത്സരത്തിന് ഇറങ്ങുക.

പ്രചാരണം ആരംഭിച്ച് പിണറായി
പിണറായിക്ക് കഴിഞ്ഞ തവണ എതിരാളി ആയിരുന്ന മമ്പറം ദിവാകരന് ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. യുഡിഎഫ് സഖ്യകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജനെ ധര്‍മ്മടത്ത് പരിഗണിച്ചിരുന്നു. എന്നാല്‍ ധര്‍മ്മടം വേണ്ടെന്നാണ് ദേവരാജന്റെ നിലപാട്. പിണറായി ധര്‍മ്മടത്ത് എത്തി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.

സി രഘുനാഥിന് മുൻഗണന
എന്നാല്‍ പിണറായിയുടെ എതിര്‍സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കണ്ണൂര്‍ ഡിസിസി സെക്രട്ടറിയായ സി രഘുനാഥിനെ ധര്‍മ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നുണ്ട്. പിണറായിക്കെതിരെ മത്സരിക്കാനുളള സന്നദ്ധത രഘുനാഥ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുളളതാണ്. കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്തിനെ ധര്‍മ്മടത്ത് പരിഗണിച്ചിരുന്നു.

അഭിജിത്തിന് താൽപര്യമില്ല
എന്നാല്‍ ധര്‍മ്മടത്ത് പിണറായിയോട് മുട്ടാനില്ലെന്നും സ്വന്തം ജില്ലയായ കോഴിക്കോട്ടെ പേരാമ്പ്രയോടാണ് താല്പര്യം എന്നുമാണ് അഭിജിത്ത് പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. എഐസിസി വക്താവും കണ്ണൂര്‍ ജില്ലക്കാരിയുമായ ഷമ മുഹമ്മദിന്റെ പേരും ധര്‍മ്മടത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. ഷമയെ മത്സരിപ്പിക്കാന്‍ കെസി വേണുഗോപാല്‍ അടക്കമുളളവര്‍ക്ക് താല്പര്യമുണ്ട്.

ഷമ വരുമോ
പൂനെയില്‍ താമസിക്കുന്ന ഷമ മാസങ്ങളായി കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എന്നാല്‍ ഷമയുടെ പേര് കോണ്‍ഗ്രസ് നേതൃത്വം ധര്‍മ്മടത്തേക്ക് കാര്യമായി പരിഗണിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായ റിജില്‍ മാക്കുറ്റിയുടെ പേരും ധര്‍മ്മടത്ത് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നേരത്തെ സിപിഎം കോട്ടയില്‍ കോടിയേരിക്കെതിരെ മത്സരിച്ച് തോറ്റ റിജിലിന് ഇക്കുറി ധര്‍മ്മടത്തേക്ക് താല്പര്യമില്ല.