കെവി തോമസിന് എട്ടിന്റെ പണിയുമായി കോണ്‍ഗ്രസ് നേതൃത്വം; ഉടന്‍ പുറത്താക്കില്ല, അകത്തേക്കുമില്ല
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരായ നടപടിയില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം. തുടക്കത്തില്‍ കെവി തോമസിനെതിരെ ശക്തമായ നടപടി ഉടന്‍ തന്നെ വേണമെന്ന നിലപാട് കെ പി സി സി ആവ്യശ്യപ്പെട്ടിരുന്നെങ്കിലും പുറത്താക്കി വീരപരിവേഷം നല്‍കി ഇടത് പാളയത്തിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനിപ്പോഴുള്ളത്. തോമസിനെതിരെയുള്ള നടപടി എല്ലാ ചട്ടങ്ങളും പാലിച്ച് അതിന് വഴിക്ക് മാത്രമേ നടക്കുകയുള്ളുവെന്നും ഇതിനകം കെവി തോമസ് സ്വയം പുറത്ത് പോവുകയാണെങ്കില്‍ പുറത്ത് പോവട്ടെ എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം.

നിലവില്‍ കെവി തോമസ് കോണ്‍ഗ്രസിന് അകത്തും പുറത്തുമായ സ്ഥിതിയിലാണ് കെവി തോമസ്. പാർട്ടിയുടെ ഒരു പരിപാടിക്കും അദ്ദേഹത്തെ ക്ഷണിക്കുകയോ നേതാക്കള്‍ ബന്ധം പുലർത്തുകയോ ചെയ്യുന്നില്ല. സ്വന്തം മണ്ഡലത്തിലെ പ്രവർത്തനത്തില്‍ നിന്നു പോലും കെവി തോമസിനെ അകറ്റി നിർത്തിയിരിക്കുകയാണ് പാർട്ടി. നടപടി വരുന്നതോടെ പരസ്യമായി തന്നെ നിലപാട് സ്വീകരിക്കും.
അനന്യ ദാ ഇവിടെയുണ്ട്, വ്യത്യസ്തമായ ഗെറ്റപ്പും: ഏറ്റെടുത്ത് ആരാധകർ

തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത് കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. പുറത്താക്കി ഹിറോ പരിവേഷത്തോടെ തോമസ് പാർട്ടിക്ക് പുറത്തേക്ക് പോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ അത് സി പി എമ്മിന് ഗുണം ചെയ്തേക്കും. മരിക്കുന്നത് വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും പുറത്താക്കിയാല്‍ അദ്ദേഹം സി പി എം പാളയത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയങ്ങളൊന്നും ബാക്കിയില്ല.

പോവാന്‍ അദ്ദേഹവും സ്വീകരിക്കാന്‍ സി പി എമ്മും തയ്യാറാണെന്ന കാര്യം നേരത്തെ തന്നെ പകല്‍ പോലെ വ്യക്തമായതാണ്. നടപടി പരമാവധി താമസിപ്പിച്ച് തോമസിനെ അപ്രസക്തമാക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യം. പാർട്ടിയുടെ ഒരു പരിപാടികളിലേക്കും ക്ഷണിക്കാതെ അവഗണിച്ചുവിടൽ ലൈൻ കുറച്ചുകൂടിയാകാമെന്നാണ് നേതാക്കളുടെ സമീപനം.

തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ പി സി സി നേരത്തെ എ ഐ സി സിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള എ ഐ സി സി അച്ചടക്ക സമിതി യോഗം ചേർന്ന് കെവി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് തോമസ്‍ മറുപടി നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ അച്ചടക്ക സമിതിയുടെ അടുത്ത യോഗം എന്ന് ചേരുമെന്ന് പോലും എ ഐ സി സി ഇതുവരെ തീരുമാനിച്ചിട്ടില്ല.

നടപടി എടുത്താൽ പോലും പുറത്താക്കൽ വേണ്ടെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. എ ഐ സി സി അംഗത്വത്തിൽ നിന്നും രാഷ്ട്രീകാര്യ സമിതിയിൽ നിന്നും മാത്രം മാറ്റി പ്രാഥമിക അംഗത്വം നിലനിർത്തിയാല്‍ മതിയെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. ഈ നീക്കം തോമസിനെ വെട്ടിലാക്കിയേക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടെ വരുന്ന സാഹചര്യത്തില്‍ കൃത്യമായ ഒരു തീരുമാനം തോമസിനും ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്.

എ ഐ സി സി തീരുമാനം വൈകുമെന്ന് മനസ്സിലാക്കിയ കെവി തോമസ് ഒരു ദിവസവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ തോമസിൻ്റെ പ്രകോപനങ്ങളും വിമർശനങ്ങളും മറുപടി പറയാതെ വിടണമെന്ന് സംസ്ഥാന നേതാക്കൾക്കിടയിലെ ധാരണയുണ്ട്. നടപടി ഉള്‍പ്പടെ എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡ് സ്വീകരിക്കട്ടേയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.












Click it and Unblock the Notifications