'വിഴിഞ്ഞം ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം'; ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിന് ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം തുറമുഖത്തിന് അദ്ദേഹത്തിന്റെ പേരിടുകയെന്നതാണ് അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ആദരമെന്നും എം എം ഹസൻ പ്രതികരിച്ചു.
യുഡിഎഫ് സർക്കാരിന്റെയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ഫലം കൂടിയാണ് വിഴിഞ്ഞം തുറമുഖം ഇന്ന് കാണുന്ന നിലയിലെത്തിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷത്തിരുന്ന എൽ ഡി എഫ് വിഴിഞ്ഞം തുറമുഖത്തെ എതിർക്കുകയാണ് ചെയ്തതെന്നും എന്നാൽ അത്തരം ആരോപണങ്ങളെ അതിജീവിച്ച് ഉമ്മൻ ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പിന്തുണ നൽകിയത് അന്നത്തെ തുറമുഖം വകുപ്പ് മന്ത്രിയായിരുന്ന കെ ബാബു ആണെന്നും യു ഡി എഫ് കൺവീനർ എം എം ഹസൻ കൂട്ടിച്ചേർത്തു.

അതേ സമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന ആവശ്യവുമായി കെ. സുധാകരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. പദ്ധതി അട്ടിമറിക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നിട്ടും നിശ്ചയദാർഡ്യത്തോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി 4 വർഷം വൈകിപ്പിച്ച് നഷ്ടം വരുത്തി മുഖ്യമന്ത്രി ഇപ്പോൾ അതിന്റെ ക്രെഡിറ്റ് എടുക്കുകയാണെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ അല്പത്തരം നിർത്തി ഇത്തിരി മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
ഈ വൈകിയ വേളയിലെങ്കിലുംപിണറായി വിജയൻ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്നും ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. അതേ സമയം വിഴിഞ്ഞത്തെ തീരദേശ വാസികളുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തി സമവായത്തോടെ പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications