നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല; നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ട്, തുറന്നുപറഞ്ഞ് ശശി തരൂര്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം അതൃപ്തി പരസ്യമാക്കി ശശി തരൂര്‍ എംപി. നിലമ്പൂരില്‍ പ്രചാരണത്തിന് പാര്‍ട്ടി ക്ഷണിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്ഷണിച്ചാല്‍ പോകുമായിരുന്നു എന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തുതീര്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.
എല്ലാ മുതിര്‍ന്ന നേതാക്കളും മിക്ക കോണ്‍ഗ്രസ് എംപിമാരും നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വേണ്ടി എത്തിയിട്ടും തരൂരിനെ കാണാത്തത് ചര്‍ച്ചയായിരുന്നു. ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തരൂരിന്റെ പുതിയ നീക്കങ്ങളില്‍ അതൃപ്തിയുണ്ട് എന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അതിനിടെയാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്...

ഇത്തരം തിരക്കുള്ള ഘട്ടങ്ങളില്‍ വരുന്നുണ്ടോ, പ്രോഗ്രാം ഇടണം എന്നൊക്ക അന്വേഷിക്കാറുണ്ട്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അങ്ങനെ ചെയ്തിരുന്നു. മണ്ഡലത്തില്‍ എത്തുന്ന നേതാക്കള്‍ക്ക് എന്തൊക്കെയാണ് പ്രോഗ്രാം എന്ന് നേതൃത്വം പ്രാദേശികമായി ആലോചിച്ച് തീരുമാനിക്കുകയാണ് ചെയ്യുക. എന്നാല്‍ നിലമ്പൂരില്‍ അങ്ങനെ ഉണ്ടായില്ല എന്നാണ് ശശി തരൂര്‍ പറഞ്ഞത്.
ക്ഷണം വന്നിട്ടാണ് ഞങ്ങളും പ്ലാന്‍ ചെയ്യാറുള്ളത്. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍. ക്ഷണിച്ചാല്‍ പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍, പാര്‍ട്ടി, പ്രവര്‍ത്തകര്‍ എന്നിവയൊക്കെ എനിക്ക് വലിയ അടുപ്പമാണ്. 16 വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് നിങ്ങള്‍ക്ക് സംശയം വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്
ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ പാര്‍ട്ടിയില്‍ സംസാരിക്കുകയാണ് ചെയ്യുക. ഇന്ന് ഇത്തരം ചര്‍ച്ചയ്ക്കുള്ള ദിവസമല്ല. ഇന്ന് തിരഞ്ഞെടുപ്പ് ദിവസമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കണം. പ്രവര്‍ത്തകര്‍ നന്നായി നിലമ്പൂരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ റിസര്‍ട്ട് വരട്ടെ എന്നും തരൂര്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസം ഉണ്ട് എന്നത് സത്യമാണ്. അത് ഒളിക്കാന്‍ സാധിക്കില്ല. അക്കാര്യങ്ങളെല്ലാം നേരിട്ട് സംസാരിക്കാന്‍ അവസരം വരുമ്പോള്‍ സംസാരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നോക്കാം. പക്ഷേ, ഇന്ന് അത്തരം വിഷയങ്ങള്‍ പറയാനുള്ള ദിവസമല്ല. തെന്നല ബാലകൃഷ്ണ പിള്ളയുടെ വസതി സന്ദര്‍ശിക്കാനുള്ള യാത്രയിലാണെന്നും ശശി തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത് വിദേശ സന്ദര്‍ശനത്തെ കുറിച്ചും അവിടെ നടന്ന ചര്‍ച്ചയെ പറ്റിയുമാണ്. മറ്റു രാഷ്ട്രീയം പറഞ്ഞിട്ടില്ല. ദേശീയ താല്‍പ്പര്യമാണ് വലുത്. 2014ലും ഇക്കാര്യം താന്‍ പറഞ്ഞതാണ്. എന്റെ ലൈന്‍ മാറിയിട്ടില്ല. രാജ്യത്തിന്റെ വിഷയം വരുമ്പോള്‍ രാജ്യത്തിന് വേണ്ടി സംസാരിക്കണം. ഓപറേഷന്‍ സിന്ദൂറിന്റെ വേളയില്‍ പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. രാജ്യത്തിന് വേണ്ടി സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സേവനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടില്ല. പക്ഷേ, സര്‍ക്കാര്‍ വിളിച്ചതു കൊണ്ടാണ് പോയത്. അഭിമാനത്തോടെയാണ് കടമ ചെയ്തത്. പാര്‍ട്ടി നേതൃത്വം നേരിട്ട് തന്നോട്ട് ഒന്നും ചോദിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍ തെറ്റിദ്ധാരണ ഉണ്ട് എന്ന് കണ്ടുവെന്നും ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications