'മുസ്ലിം മന്ത്രി'യില്‍ ഉടക്കി കോണ്‍ഗ്രസ്; മൂന്നില്‍ ഒരാള്‍ മന്ത്രിയാകും, സമ്മര്‍ദ്ദവുമായി ഗ്രൂപ്പുകള്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്ലിം മന്ത്രിമാര്‍ ആരൊക്കെ എന്ന കാര്യത്തില്‍ ചര്‍ച്ച. ഒരാളെ മാത്രമേ ഉള്‍പ്പെടുത്തൂ എന്നാണ് വിവരം. മുസ്ലിം ലീഗിന് മന്ത്രിമാരുള്ളതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ മതി എന്ന ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമ രൂപമാകുകയും ലോക്ഭവന് കൈമാറുകയും ചെയ്യും.
മൂന്ന് പേരുകളാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത്. ഷാനിമോള്‍ ഉസ്മാന്‍, അന്‍വര്‍ സാദത്ത്, ടി സിദ്ദിഖ് എന്നിവരാണ് ചര്‍ച്ചയില്‍. ഷാനിമോള്‍ ഉസ്മാന്‍ മുതിര്‍ന്ന നേതാവാണെന്നും അവരെ പരിഗണിക്കാമെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അന്‍വര്‍ സാദത്ത് ആകട്ടെ എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. ടി സിദ്ദിഖിന് വേണ്ടി കെസി വേണുഗോപാല്‍ രംഗത്തുണ്ട്.

ടി സിദ്ദിഖ് തുടര്‍ച്ചയായി കല്‍പ്പറ്റയില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചുവരികയാണ്. നേരത്തെ കോഴിക്കോട് ഡിസിസി അധ്യക്ഷനായിരുന്നു. ഈ സാഹചര്യത്തില്‍ രണ്ട് ജില്ലകളെയും പ്രതിനിധീകരിച്ച് സിദ്ദിഖ് മന്ത്രിയാകട്ടെ എന്നാണ് കെസി വേണുഗോപാല്‍ പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള മന്ത്രിയായി ഐസി ബാലകൃഷ്ണന്‍ വരട്ടെ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. പട്ടികജാതി പ്രതിനിധിയായി ഇദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും തീരുമാനം.
അതേസമയം നേരത്തെ നിയമസഭാംഗമായിരുന്ന വ്യക്തിയാണ് ഷാനിമോള്‍ ഉസ്മാന്‍. മുതിര്‍ന്ന വനിതാ നേതാവാണ്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രധാന ചുമതലകള്‍ വഹിച്ച വ്യക്തിയാണ്. ഷാനിമോള്‍ ഉസ്മാന്‍ മന്ത്രിയാകട്ടെ എന്ന് വിഡി സതീശന്‍ പറയുന്നു. ഒരുവേള ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കും ഷാനിമോള്‍ ഉസ്മാന്റെ പേര് ചര്‍ച്ച ചെയ്തിരുന്നു.
അതേസമയം, അന്‍വര്‍ സാദത്ത് മന്ത്രിയാകട്ടെ എന്നാണ് രമേശ് ചെന്നിത്തല നിര്‍ദേശിക്കുന്നത്. തുടര്‍ച്ചയായി ആലുവയില്‍ നിന്ന് നിയമസഭയിലെത്തുന്ന വ്യക്തിയാണ് അന്‍വര്‍ സാദത്ത്. മുഖ്യമന്ത്രി പദം പ്രതീക്ഷിച്ചിരുന്ന രമേശ് ചെന്നിത്തല പരിഭവം മാറ്റി എത്തിയതോടെ അദ്ദേഹത്തിന്റെ നിര്‍ദേശം തള്ളുമോ എന്ന് കണ്ടറിയണം. മൂന്നില്‍ ഒരാള്‍ മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
എത്രയും വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാണ് കോണ്‍ഗ്രസ് ശ്രമം. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിപദവി ആവശ്യപ്പെട്ടു എങ്കിലും ഒന്നാണ് നല്‍കുക. ചീഫ് വിപ്പ് പദവിയും അവര്‍ക്ക് നല്‍കും. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഇതേ വകുപ്പിന് വേണ്ടി ആര്‍എസ്പിയും ആവശ്യമുന്നയിച്ചതോടെ ഇക്കാര്യത്തിലും അന്തിമ ചര്‍ച്ച പുരോഗമിക്കുകയാണ്.
മാണി സി കാപ്പന്‍, അനൂപ് ജേക്കബ് എന്നിവരുടെ കാര്യത്തില്‍ രണ്ടര വര്‍ഷം എന്ന ടേം വ്യവസ്ഥ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അനൂപ് ജേക്കബിനെ പൂര്‍ണമായി മന്ത്രിയാക്കാമെന്നാണ് ഒടുവില്‍ ചര്‍ച്ച എത്തി നില്‍ക്കുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി കാപ്പന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കുകയും ചെയ്തു. മാണി സി കാപ്പന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കുന്നതും ആലോചനയിലാണ്.















Click it and Unblock the Notifications