കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്? എസ്‌ഐആര്‍ കേരളത്തില്‍ നല്ലത്, ചെന്നിത്തലയുടെ വീഡിയോയുമായി ബിജെപി
എസ്‌ഐആര്‍ വിഷയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ, കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകിച്ച നിലപാട് ചോദ്യം ചെയ്ത് ബിജെപി. കേരളത്തില്‍ എസ്‌ഐആര്‍ വളരെ നല്ലത് എന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
എസ്‌ഐആറില്‍ മറ്റു രണ്ട് കമ്മീഷണര്‍മാരെ മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തീരുമാനങ്ങള്‍ എടുത്തു, ബിജെപിക്ക് വേണ്ടി ചരടുവലി നടത്തി എന്നെല്ലാമാണ് പുതിയ വിവാദം. ഗ്യാനേഷ് കുമാറിനെതിരെ സുപ്രധാന വിവരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിടുകയും ചെയ്തു. തുടര്‍ന്ന് രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് ബിജെപി രമേശ് ചെന്നിത്തലയുടെ പഴയ വീഡിയോ പ്രചരിപ്പിക്കുന്നത്.

എസ്‌ഐആര്‍ കേരളത്തില്‍ ഗുണം ചെയ്തു. കാരണം, ഞങ്ങള്‍ക്ക് താഴേക്കിടയില്‍ പ്രവര്‍ത്തകര്‍ ഇവിടെ സജീവമാണ്. നേരത്തെ സിപിഎം വ്യാജ വോട്ടുകള്‍ ചെയ്തിരുന്നു. മരിച്ചവരുടെ വോട്ടുകള്‍ വരെ അന്ന് ചെയ്തിരുന്നു. എല്ലാം നീക്കം ചെയ്തു. കേരളത്തില്‍ എസ്‌ഐആര്‍ ഗുണം ചെയ്തിട്ടുണ്ട്- ഇതാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ രമേശ് ചെന്നിത്തല പറയുന്നത്.
കേരളത്തില്‍ എസ്‌ഐആര്‍ പരിഷ്‌കാരത്തെ സ്വാഗതം ചെയ്യുകയും മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കുമ്പോള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പറയുകയും ചെയ്യുന്നത് എങ്ങനെയാണ് എന്ന് കെ സുരേന്ദ്രന്‍ ചോദിക്കുന്നു. ഇത് ഇവിഎം കഥപോലെ തന്നെയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജനാധിപത്യത്തിന്റെ വിജയം, തോറ്റാല്‍ സിസ്റ്റത്തെ കുറ്റംപറയുക. ഇതാണ് അവര്‍ ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ ട്വീറ്റ് ചെയ്തു.
അതേസമയം, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങളുടെ ചുമതല രമേശ് ചെന്നിത്തലയ്ക്കായിരുന്നു.
തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ ഇനിയും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് ചോദ്യം ചെയ്ത് ബിജെപി നേതാവ് സിആര്‍ കേശവന്‍ രംഗത്തെത്തി.
എസ്‌ഐആറില്‍ വോട്ട് മോഷണം നടന്നു എന്നാണ് രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത്. എന്നാല്‍ ചെന്നിത്തല പറയുന്നത് കേരളത്തിന് സഹായകരമായി എന്നാണ്. എസ്‌ഐആര്‍ പരിഷ്‌കാരങ്ങളെ ചെന്നിത്തല സ്വാഗതം ചെയ്യുകയും കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചു എന്നുമാണ് പറഞ്ഞത് എന്നും കേശവന്‍ ട്വീറ്റ് ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ ജാഗരൂകരാണ് എന്നുമായിരുന്നു ബിജെപിയുടെ പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം.


Click it and Unblock the Notifications
