തമിഴ്നാട്ടില്‍ പുതിയ മുന്നേറ്റത്തിന് കോണ്‍ഗ്രസ്: ലക്ഷ്യം 12 എംപിമാർ, പക്ഷെ സ്റ്റാലിന്‍ കനിയണം
2019 ലേയും 2021 ലെ ഡിഎംകെ സഖ്യം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് പുതിയ ഊർജ്ജമാണ് നല്‍കിയത്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്രക്കും വലിയ സ്വീകാര്യത ലഭിച്ചു. ഇതിനാല്‍ തന്നെ രാജ്യം 2024 ല്‍ മറ്റൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസിന്റെ കേഡറിനെ അണിനിരത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിനെതിരെ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം പാർട്ടി ഉടൻ ആരംഭിക്കും. ഇതോടൊപ്പം തന്നെ സഖ്യത്തില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മെല്ലെ മെല്ലെ പുനരുജ്ജീവനത്തിന്റെ സൂചനകൾ കാണിക്കുന്ന സംസ്ഥാന കോൺഗ്രസ് പാർട്ടി കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളെയാണ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. അഴഗിരി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായതോടെ കേന്ദ്രസർക്കാരിനെതിരെ പാർട്ടിയിൽ ആസൂത്രിതമായ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്.

ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ തമിഴ് മെഗാ സ്റ്റാർ കമൽഹാസൻ പങ്കെടുക്കുന്നത്, കോൺഗ്രസ് കൂടി ഭാഗമായ ഡിഎംകെയുടെ മതേതര പുരോഗമന സഖ്യത്തിലേക്ക് മെഗാ സ്റ്റാറിനെ അണിനിരത്താനുള്ള സംസ്ഥാന കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണ്. ദില്ലിയില്‍ തന്നെ കനിമൊഴിയും ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു.

"കെ എസ് അഴഗിരി സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാവുമ്പോള്‍, പാർട്ടി ആകെ താറുമാറായ അവസ്ഥയിലായിരുന്നു. പാർട്ടിയുടെ നില മുന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെട്ടു. എന്നാല്‍ മികച്ച നേതാവായ അദ്ദേഹം താഴെത്തട്ടിലുള്ള കേഡർക്ക് ജീവൻ നൽകുകയും പാർട്ടിയുടെ മണ്ഡലം കമ്മിറ്റികളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. ഇത് കേന്ദ്ര സർക്കാരിനെതിരെ പാർട്ടി നടത്തിയ നിരവധി പ്രക്ഷോഭങ്ങൾക്ക് കാരണമാവുകയും ഇത് സംസ്ഥാന കോൺഗ്രസിന് പുത്തൻ ശക്തി നൽകുകയും ചെയ്തു''- സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവ് വ്യക്തമാക്കുന്നു
Hair Growth: ഒരു കപ്പ് തേങ്ങാപ്പാല്‍ എടുക്കാനുണ്ടോ? എങ്കില്‍ മുടികൊഴിച്ചില്‍ പമ്പ കടക്കും

സംസ്ഥാന പാർട്ടി ആസ്ഥാനത്ത് അടുത്തിടെയുണ്ടായ കുതിപ്പ് പാർട്ടി വളർച്ചയുടെ സൂചനകൾ കാണിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയ ചർച്ചകളില്‍ ഇടംപിടിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യം അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.

2019 ല്‍ ഡി എം കെ സഖ്യത്തിന്റെ ഭാഗമായി പുതുച്ചേരിയിലെ ഏക സീറ്റ് ഉള്‍പ്പടെ 10 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ 9 ഇടത്തും വിജയിക്കാന്‍ പാർട്ടിക്ക് സാധിച്ചു. തേനിയില്‍ മാത്രമാണ് പരാജയപ്പെട്ടത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യം തുടർന്നു. 25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റില്‍ ജയിച്ചു. 2016 ല്‍ 10 സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തവണയും കോണ്‍ഗ്രസ് ഡി എം കെ സഖ്യത്തിന്റെ ഭാഗമാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇത്തവണ 12 സീറ്റുകളാണ് സഖ്യത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications