ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ 'വൻ തന്ത്രം'; മുതിർന്ന നേതാക്കളെ കളത്തിലിറക്കും
കഴിഞ്ഞ 10 വർഷമായി കേരളത്തിൽ അധികാരത്തിന് പുറത്താണ് കോൺഗ്രസ്. ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുവരവിനുള്ള നീക്കങ്ങളാണ് പാർട്ടി നടത്തുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തി ചിട്ടയോടെ പ്രവർത്തനങ്ങൾ നടത്തിയാൽ തിരിച്ചുവരാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണെന്നും ഇതും തങ്ങൾക്ക് ഗുണകരമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്.
മികച്ച നേതാക്കളെ തിരഞ്ഞെടുപ്പ് കളത്തിലിറക്കാനുള്ള ചർച്ചകൾ ഇതിനോടകം തന്നെ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. യുവാക്കളും പരിചയ സമ്പന്നരായ നേതാക്കളും ഉൾപ്പെടുന്നതായിരിക്കും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക എന്ന് നേരത്തേ ചർച്ചകൾ ഉണ്ടായിരുന്നു. അതിനിടയിൽ ഇപ്പോഴിതാ പ്രായാധിക്യം കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന മുതിർന്ന നേതാക്കളെയടക്കം തിരികെ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എൻ ശക്തൻ തുടങ്ങിയ നേതാക്കളെയെല്ലാമാണ് നേതൃത്വം പരിഗണിക്കുന്നതത്രേ. മുതിർന്ന നേതാക്കൾ യുവാക്കൾക്ക് വേണ്ടി പിൻമാറണമെന്ന ചർച്ചകൾ കെ മുരളീധരനെ പോലുള്ള നേതാക്കൾ ഉയർത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു നിർദേശം ഉയർന്നിരിക്കുന്നത്.
പരാമവധി സീറ്റുകൾ പിടിച്ചെടുക്കണമെങ്കിൽ മുതിർന്ന നേതാക്കൾ കൂടി ഇറങ്ങണമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രത്യേകിച്ച് കോൺഗ്രസിന് നിലവിൽ കുറവ് സീറ്റുകൾ ഉള്ള ജില്ലകളിലാണ് ഈ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ലാത്ത ജില്ലയാണ് കോഴിക്കോട്. മുൻപ് വടകര ലോക്സഭ മണ്ഡലത്തിൽ മുല്ലപ്പള്ളി സ്ഥാനാർത്ഥിയായിരുന്നപ്പോഴെല്ലാം മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മുല്ലപ്പള്ളി ഇറങ്ങിയാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.
16 വർഷം വിഎം സുധീരൻ എം എൽ എയായിരുന്ന മണ്ഡലമാണ് തൃശൂർ. സി പി ഐ നേതാവ് പി ബാലചന്ദ്രനാണ് തൃശൂരിലെ നിലവിലെ എം എൽ എ. സുധീരൻ തൃശൂരിൽ ഇറങ്ങിയാൽ വീണ്ടും മണ്ഡലം തിരികെ പിടിക്കാമെന്ന് നേതൃത്വം കരുതുന്നുണ്ട്. തിരുവനന്തപുരത്ത് നഷ്ടപ്പെട്ട നാടാർ വോട്ടുകൾ തിരികെ പിടിക്കാനാണ് എൻ ശക്തനെ ആലോചിക്കുന്നത്. വട്ടിയൂർക്കാവിൽ കെ മുരളീധരനും കൂടി ഇറങ്ങുന്നതോടെ ജില്ലയിൽ കോൺഗ്രസിന് മൊത്തത്തിൽ നേട്ടം കൊയ്യാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.












Click it and Unblock the Notifications