മുരളീധരനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ചെന്നിത്തല; പരാതി നല്‍കിയിട്ടില്ലെന്ന് മുരളീധരന്‍
തിരുവനന്തപുരം: കെ മുരളീധരനുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് പരിഹരിച്ചുവെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെപിസിസി അധ്യക്ഷന്റേതാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, രമേശ് ചെന്നിത്തലയുമായി തര്‍ക്കമില്ലായിരുന്നുവെന്നും ചില ഭിന്നതകളുണ്ടായിരുന്നുവെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. എല്ലാം പരിഹരിച്ചു. കോണ്‍ഗ്രസിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണ്. പുനഃസംഘടനയില്‍ പരാതിയുള്ളവരുണ്ടാകാം. അവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരമുണ്ട്. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഇക്കാര്യത്തില്‍ എംപിമാര്‍ പരാതി കത്ത് നല്‍കിയ കാര്യം എനിക്കറിയില്ല. താന്‍ ആര്‍ക്കും കത്ത് കൊടുത്തിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഡിസിസി പുനഃസംഘടനയുടെ അന്തിമ കരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് കോണ്‍ഗ്രസില്‍ പോര് ശക്തമായത്. എംപിമാരില്‍ ചിലര്‍ പരാതിപ്പെട്ടതിനാല്‍ പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇടഞ്ഞു. എംപിമാരുടെ പരാതി കെപിസിസിക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നോക്കുകുത്തിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചു. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
പുനഃസംഘടനയില്‍ എല്ലാവരുമായും ചര്‍ച്ച വേണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പുനഃസംഘടന നിര്‍ത്തിവച്ചപ്പോള്‍ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സമവായത്തിനാണ് ശ്രമം. ചുരുക്കം ചിലര്‍ക്ക് പ്രശ്‌നങ്ങളുണ്ട്. എല്ലാം പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ പുനഃസംഘടനയ്‌ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ നേരത്തെ രംഗത്തുവന്നിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ പ്രതികരിച്ചത്. എന്നാല്‍ ആ വാദം സുധാകരന്‍ അംഗീകരിച്ചില്ല. പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ നടപടികളുമായി അദ്ദേഹം മുന്നോട്ട് പോയി. ഇതിനിടെയാണ് മതിയായ ചര്‍ച്ച നടന്നില്ലെന്ന് എംപിമാര്‍ ഹൈക്കമാന്റിന് പരാതി നല്‍കിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.
എല്ലാം പരിഹരിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. കെ സുധാകരനുമായി എല്ലാ ദിവസവും ചര്‍ച്ച നടത്താറുണ്ട്. പുനഃസംഘടനയില്‍ ഒഴിവാക്കുന്നവര്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുമെന്നും സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications