ഇടുക്കിയിൽ ഹർത്താൽ പൂർണ്ണം;വാഹനങ്ങൾ തടയുന്നു,കെഎസ് യു പ്രവർത്തകരുടെ കല്ലേറും,സംഘർഷാവസ്ഥ...
തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്നവരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൊടുപുഴ: ഇടുക്കി ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് കെഎസ് യു കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. തൊടുപുഴ ടൗണിലും കെഎസ് യു പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും വാഹനങ്ങൾ തടഞ്ഞിരുന്നു. അതേസമയം, വ്യാഴാഴ്ച രാവിലെ 11 മണിയോടെ തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ് യു പ്രവർത്തകർ കല്ലെറിഞ്ഞു.

സംഘടിച്ചെത്തിയ കെഎസ് യു പ്രവർത്തകരാണ് ഡിഡിഇ ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഇവരെ പോലീസ് വിരട്ടിയോടിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. ഹർത്താലിൽ നിന്ന് അവശ്യ സർവ്വീസുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. മൂന്നാർ,തേക്കടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെയും ഹർത്താൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്നവരെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിന് കേരള കോൺഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ലാത്തിച്ചാർജിൽ നിരവധി കെഎസ് യു പ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റിരുന്നു.












Click it and Unblock the Notifications