കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല; കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കമാന്റ്
ന്യൂഡല്‍ഹി: കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കില്ല എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോട് ഇക്കാര്യം ഹൈക്കമന്റ് അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി പാടില്ല എന്നും ഹൈക്കമാന്റ് നേതാക്കളോട് നിര്‍ദേശിച്ചു. കേരളത്തില്‍ നേതാക്കള്‍ക്കിടയിലെ ഏകോപനം കൂട്ടാനും ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ചരടുവലി നടത്തുന്നതിനിടെയാണ് ഹൈക്കമാന്റിന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ എന്നിവരെല്ലാം മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഹെക്കമാന്റിന്റെ നിര്‍ദേശം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തന്ത്രത്തെ കുറിച്ച് എ ഐ സി സി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകും എന്നാണ് വിവരം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കണമെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. വിജയസാധ്യത മാത്രം നോക്കിയാകും കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നാണ് പാര്‍ട്ടി നല്‍കുന്ന സന്ദേശം.
ഇക്കാര്യത്തില്‍ മാനദണ്ഡം എ ഐ സി സി തന്നെ തയ്യാറാക്കും. പാര്‍ട്ടിക്ക് സംസ്ഥാനത്ത് കൂട്ടായ നേതൃത്വം ഇല്ലെന്ന് എ ഐ സി സി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ പലതവണ നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടാകുന്നില്ല എന്നും എ ഐ സി സി കുറ്റപ്പെടുത്തി. സമര പ്രചാരണങ്ങളില്‍ മിക്ക നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നില്ല എന്നും താഴെത്തട്ടില്‍ പ്രവര്‍ത്തനം പോരാ എന്നും ഹൈക്കമാന്റ് വിലയിരുത്തി.
സ്വന്തം പ്രതിച്ഛായ നിര്‍മിതിയില്‍ മാത്രമാണ് നേതാക്കള്‍ ശ്രദ്ധിക്കുന്നത് എന്നും വിമര്‍ശനമുണ്ട്. അടുത്തിടെ നടന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉടലെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ ആയിരിക്കും പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുക എന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഉള്ളതിനാല്‍ തന്നെ പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വേണുഗോപാല്‍ മാറി. എന്നാല്‍ വിഡി സതീശന്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ തന്നെയാണ് സാധ്യത. ചെന്നിത്തലയും സജീവമായി മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നീക്കം നടത്തുന്നുണ്ട്.
സതീശനുമായി ഷാഫി പറമ്പില്‍ അകന്നതാണ് കെസി ഗ്രൂപ്പിന് ശക്തിയായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെ ചൊല്ലിയാണ് ഷാഫി സതീശന്‍ ക്യാംപില്‍ നിന്ന് മാറി കെസി ക്യാംപില്‍ എത്തിയത്. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ പുതിയ അധികാര അച്ചുതണ്ടായി മാറിയിരിക്കുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടിയിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയിരിക്കിയിട്ടുണ്ട്. 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 6 പേര്‍ ഇപ്പോള്‍ കെസി പക്ഷക്കാരാണ്
രമേശ് ചെന്നിത്തലയെ 5 പേരും 'എ' ഗ്രൂപ്പിന് 3 പേരും സതീശനെ രണ്ടു പേരുമാണ് പിന്തുണയ്ക്കുന്നത്. എ ഗ്രൂപ്പിന്റെ പിന്തുണ ഒരു പരിധി വരെ കെസിക്ക് ഉണ്ട്. മാത്രമല്ല സുധാകരനും ചെന്നിത്തലയും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും ഒരു പരിധിയോളം കെസി പരിഗണിച്ചിട്ടുണ്ട്. ഇത് സതീശനെതിരായ പക്ഷത്തെ ഒപ്പം നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.












Click it and Unblock the Notifications