ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കോണ്‍ഗ്രസ് നേതാവും ഭർത്താവും പണം തട്ടി, ആരോപണം
ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി ആരോപണം. പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഭർത്താവും ചേർന്ന് ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് സർക്കാർ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കുടുംബത്തിന്റെ പരാതി. കുടുംബത്തിന് താമസം ഒരുക്കാന്‍ ഇടപെടല്‍ നടത്തിയ ആലുവ എം എല്‍ എ അന്‍വർ സാദത്തിനേയും നേതാവും ഭർത്താവും പറഞ്ഞ് പറ്റിച്ചതായി ആരോപണമുണ്ട്.
നേതാവിനും ഭർത്താവിനുമെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് തങ്ങളെന്നും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. പല ആവശ്യങ്ങള്‍ പറഞ്ഞായിരുന്നു ഇവരില്‍ നിന്നും പണം തട്ടിയത്. പണം തട്ടിയെടുത്ത വിവരം ഒരു മാസം മുൻപ് കുട്ടിയുടെ വീട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിയായി പറഞ്ഞിരുന്നുപ. സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നൽകി.

ബാക്കി തുക അടുത്ത മാസത്തോടെ നല്‍കാമെന്നും നേതാവ് ഉറപ്പ് നല്‍കിയതായി കുടുംബം പറയുന്നു. വളരെ മോശമായ സാഹചര്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. മകളെ നഷ്ടമായതിന് പിന്നാലെ അന്‍വർ സാദത്ത് എം എല്‍ എ ഇടപെട്ട് ഇവരെ വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു. ഇതിനായി മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭർത്താവിനോട് 20000 രൂപ അഡ്വാന്‍സ് തുകയായി നല്‍കാന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഇത് താന്‍ നല്‍കുമെന്നും അന്‍വർ സാദത്ത് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നേതാവ് നേരെ പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും അവരിൽനിന്ന് 20,000 രൂപ വീടിന് അഡ്വാൻസ് നൽകാൻ വേണമെന്ന് പറഞ്ഞ് വാങ്ങിക്കുകയുമായിരുന്നു. അഡ്വാന്‍സ് നല്‍കിയ തുക എം എല്‍ എ ആരോപണ വിധേയന് നല്‍കിയെങ്കിലും ഈ പണം പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് നല്‍കിയില്ല. മാത്രവുമല്ല, പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും വീണ്ടും പണം വാങ്ങുകയും ചെയ്തു. ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞായിരുന്നു തുടർച്ചായി 5 തവണ 20000 രൂപ വീതം തട്ടിയെടുത്തത്.
താന്‍ കബളിക്കപ്പെടുകയാണെന്ന് മനസ്സിലായതോടെ കുടുംബം എം എല്‍ എയെ സമീപിക്കുകയായിരുന്നു. ഇതോടെ എം എല്‍ എ ഇടപെട്ട് 70000 രൂപ വാങ്ങിച്ച് തിരികെ നല്‍കി. വാടയ്ക്ക് താമസിക്കുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവുമായി സംസാരം വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നതെന്ന് എം എല്‍ എയും പറയുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ എന്റെ ഭാഗത്തുനിന്ന് എല്ലാ പന്തുണയും ഉണ്ടാകുമെന്ന് കുട്ടിയുടെ പിതാവിനോട് ഞാൻ പറഞ്ഞിരുന്നതായും എം എല്‍ എ പറഞ്ഞു.
അതേസമയം, പണം നഷ്ടമായ വിവരം അറിഞ്ഞയുടനെ പോലീസിൽ പരാതി കൊടുക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായി സി പി എം നേതൃത്വവും വ്യക്തമാക്കി. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു കുട്ടികളുടെ പേരിൽ നൽകിയ തുക സർക്കാർ നൽകിയ പത്ത് ലക്ഷം രൂപ ലഭിച്ച ബാങ്കിലാണ് നിക്ഷേപിച്ചതെന്നും സി പി എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ പറഞ്ഞു.












Click it and Unblock the Notifications