'കേരളത്തിൽ സ്ത്രീകളുടെ വോട്ടിലാണ് കോൺഗ്രസ്സ് തോറ്റത്';നേതൃത്വത്തിനെതിരെ ഡോ സരിൻ
തിരുവനന്തപുരം; കോൺഗ്രസിന് കനത്ത തിരച്ചടി നൽകി കഴിഞ്ഞ ദിവസമാണ് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന മുൻ അസം എംപി കൂടിയായ സുഷ്മിത ദേവ് പാർട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവും കൂടിയായിരുന്നു അവർ. ഇന്നിതാ സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുഷ്മിതയെ കൂടാതെ നേരത്തേ കോൺഗ്രസിന്റെ ശക്തരായ പല മുഖങ്ങളും പാർട്ടി വിട്ടിരുന്നു. പ്രിയങ്ക ചതുർവേദി, നടി കൂടിയായ ഖുശ്ബു, ഇങ്ങനെ നീളുന്നു ആ പട്ടിക.
ഇപ്പോഴിതാ ഈ കൊഴിഞ്ഞ് പോക്കുകളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉയർത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍.

സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും കോൺഗ്രസ് തയ്യാറാകണമെന്ന് സരിൻ പറയുന്നു. അവരുടെ വോട്ടിലാണ് സംസ്ഥാനത്ത് കോൺഗ്രസ് തോറ്റതെന്ന കാര്യവും മറക്കേണ്ടെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തെ 14 ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്ന ചർച്ചയിൽ ഒരു വനിതകൾക്ക് പോലും അവസരം ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് സരിന്റെ ഫേസ്ബുക്ക് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.സരിന്റെ പേസ്റ്റ് വായിക്കാം

'സുഷ്മിത ദേവ്.പ്രിയങ്ക ചതുർവേദി.
പിന്നെ, കേരളത്തിൽ 5 മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുന്ന മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനവും! അസമിൽ നിന്നുള്ള മുൻ MP മഹിളാ കോൺഗ്രസ്സിൻ്റെ ദേശീയ അദ്ധ്യക്ഷ കൂടിയായ സുഷ്മിത ദേവ് ഇന്ന് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നു. പണ്ട്, മഹാരാഷ്ട്രയിൽ നിന്നുള്ള പ്രിയങ്ക ചതുർവേദി കോൺഗ്രസ്സ് വിട്ട് ശിവസേനയിൽ ചേർന്നതും അവർ ഇന്ത്യൻ രഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു. ഇന്നവർ ശിവസേനയുടെ ദേശീയ മുഖമാണ്. കോൺഗ്രസ്സ് വിട്ട ഖുശ്ബുവിനെയും ദിവ്യ സ്പന്ദന എന്ന രമ്യയേയും ഞാൻ ചർച്ച ചെയ്യാൻ മുതിരുന്നില്ല'.

'കൂടുതലും സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ, വനിതാ മതിൽ മുതൽ കുടുബം ഭദ്രമാക്കിയ കിറ്റിൻ്റേയും പെൻഷൻ്റേയും രാഷ്ട്രീയം വരെ കൈമുതലായുള്ള CPM എങ്ങനെ അധികാരം നിലനിർത്തി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോർ ഒരു വരി കൂടി എഴുതി ചേർക്കുക: സ്ത്രീകളെ അഡ്രസ്സ് ചെയ്യുന്ന രാഷ്ട്രീയം പറയുക, പ്രവർത്തിക്കുക! അവരുടെ വോട്ടിലാണ് കോൺഗ്രസ്സ് തോറ്റത്'.

'ചർച്ചകൾ 14 ജില്ലാ അദ്ധ്യക്ഷൻമാരുടെ മാത്രം പുറകേ പോകുമ്പോൾ മഹിളാ കോൺഗ്രസ്സിന് കേരളത്തിൽ ഒരു അദ്ധ്യക്ഷയെ വെച്ച് തരേണ്ട ആൾ അഖിലേന്ത്യാ തലത്തിൽ അത് ഇട്ടിട്ട് പോയി എന്നറിയുക.ഇന്നത്തെ പ്രിയങ്ക ചതുർവേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീർത്തിക്കുന്ന ട്വീറ്റിൻ്റെ പൊരുളന്വേഷിച്ചാൽ, അവർ കലിപ്പ് തീർത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധ മുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാന്നെന്ന് വ്യക്തം!,സരിൻ പോസ്റ്റിൽ വ്യക്തമാക്കി.

നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തഴയപ്പെട്ടതോടെ മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് പാർട്ടി വിട്ടിരുന്നു. അവർ ഇപ്പോൾ എൻസിപി നേതാവാണ്. അതേസമയം നിലവിൽ ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിലും വനിതാ നേതാക്കൾക്ക് അവസരം ഇല്ലെന്നാണ് സൂചന.
Recommended Video

നേരത്തേ ശക്തരായ പല വനിതാ നേതാക്കളുടെ പേരുകളും ചർച്ചയായിരുന്നുവെങ്കിലും അവസാന നിമിഷത്തെ ഗ്രൂപ്പ് വടംവലികളിൽ ഈ പേരുകൾ ഇല്ലാതായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നിലവിൽ കൊല്ലത്ത് മാത്രമാണ് കോൺഗ്രസിന് വനിതാ അധ്യക്ഷ ഉള്ളത്. അതേസമയം 14 ജില്ലകളിലും പുതിയ അധ്യക്ഷൻമാരെ നിയമിക്കുന്നതിനാൽ കൊല്ലത്തെ അധ്യക്ഷയായ ബിന്ദു കൃഷ്ണയ്ക്കും അവസരം നിഷേധിച്ചേക്കും.












Click it and Unblock the Notifications