ആ പരിപ്പ് രാഷ്ട്രീയ കേരളത്തിന്റെ അടുക്കളയില്‍ വേവില്ല, എ വിജയരാഘവനെതിരെ ചാമക്കാല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ രാഷ്ട്രീയ വാക്പോര് കേരളത്തിൽ കനക്കുകയാണ്. മുസ്ലീം ലീഗിനെ ലാക്കാക്കിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ ആക്രമണങ്ങളെല്ലാം. യുഡിഎഫിനെ നയിക്കുന്നത് ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ് തുടങ്ങിയ ഇടത്ത് നിന്ന് അത് വിജയരാഘവൻ ഏറ്റെടുത്തിരിക്കുകയാണ്.
കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയത് അടക്കം സിപിഎം ചർച്ചയാക്കുന്നു. സിപിഎമ്മിനും എ വിജയരാഘവനും മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.

കേരളത്തിന്റെ അടുക്കളയില്‍ വേവില്ല
ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പ് വായിക്കാം: '' ആ പരിപ്പ് രാഷ്ട്രീയ കേരളത്തിന്റെ അടുക്കളയില്‍ വേവില്ല. കേരളത്തിലെ മുസ്‌ലിം-ക്രൈസ്തവ സഹോദരങ്ങളെ തമ്മില്‍ തെറ്റിപ്പിക്കാനും സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുമുള്ള എ.വിജയരാഘവന്റെ ഹീനമായ ശ്രമങ്ങള്‍ കേരളീയ പൊതുസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്. വിവിധ രാഷ്ട്രീയേതര കോണുകളിൽ നിന്നു വരുന്ന പ്രതികരണങ്ങൾ അതാണ് കാണിക്കുന്നത്.

'ഇസ്ലാമോഫോബിയ' പരത്തുന്നു
ഏകോദര സഹോദരങ്ങളായി ഇവിടെ ജീവിക്കുന്ന മനുഷ്യരെ സാമുദായികമായ് വിഭജിച്ച് നേട്ടമുണ്ടാക്കാനാവുമോ എന്ന കുത്സിത തന്ത്രമാണ് കുറച്ചുനാളായി സി.പി.എം നേതാക്കള്‍ പയറ്റുന്നത്. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ ലീഗ് നേതാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെപ്പോലും വര്‍ഗീയച്ചുവയോടെ കാണുകയും മറ്റ് സമുദായങ്ങളുടെ ഇടയില്‍ 'ഇസ്ലാമോഫോബിയ' പരത്തുകയുമാണ് വിജയരാഘവന്‍ ചെയ്യുന്നത്. അതിന് തിരികൊളുത്തിയത് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്നത് ഏറെ ഖേദകരം.

സി.പി.എമ്മിന് തൊട്ടുകൂടാത്തവരോ
ലീഗ് എന്ന് മുതലാണ് സി.പി.എമ്മിന് തൊട്ടുകൂടാത്തവരായത്? സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ രൂപീകരിച്ച് ലീഗിന് ആദ്യം അധികാര പങ്കാളിത്തം നല്‍കിയ ഇ.എം.എസിനെ പിണറായി വിജയനും വിജയരാഘവനും തള്ളിപ്പറയുമോ? ലീഗില്‍ നിന്ന് പിളര്‍ന്ന അഖിലേന്ത്യാ ലീഗിനെ മുന്നണിയിലെടുത്ത സ്വന്തം പാര്‍ട്ടിയുടെ ചരിത്രത്തെ, അവര്‍ക്കൊപ്പം മത്സരിച്ച പാരമ്പര്യത്തെ പിണറായി വിജയന്‍ തള്ളിപ്പറയുമോ? ലീഗ് കൂടി ഉള്‍പ്പെട്ട യു.പി.എ സര്‍ക്കാറിനെ പിന്താങ്ങിയ നടപടി തെറ്റാണെന്ന് പി.ബി. അംഗം കൂടിയായ പിണറായി വിജയന്‍ ഇന്ന് പറയുമോ?

നിങ്ങളുടെ നേതാക്കളെ തള്ളിപ്പറയുമോ?
വാളയാര്‍ ചുരം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെയും ഡി.എം.കെയുടെയും ലീഗിന്റെയും കൊടിക്കൊപ്പം അരിവാള്‍ചുറ്റിക നക്ഷത്രം പതിച്ച രക്തപതാക കൂട്ടിക്കെട്ടുന്നതിനെക്കുറിച്ച് പിണറായി വിജയനും വിജയരാഘവനും എന്താണ് പറയാനുള്ളത്? ബാബരി മസ്ജിദ് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ തകര്‍ത്തപ്പോള്‍ കേരളത്തില്‍ സാമുദായിക മൈത്രിക്കുവേണ്ടി പ്രയത്‌നിച്ച പാണക്കാട് കുടുംബത്തിലേക്ക് സന്ദര്‍ശനം നടത്തിയ നിങ്ങളുടെ നേതാക്കളെ തള്ളിപ്പറയുമോ?

സ്വന്തം പാര്‍ട്ടിയുടെ ചരിത്രം
ലീഗിന് വര്‍ഗീയത ഇല്ലെന്ന് ആരോപിച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട് രൂപീകരിച്ച ഐ.എന്‍.എല്‍ എന്ന പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തവരാണോ ലീഗ് വിരോധം പ്രസംഗിക്കുന്നത്? ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണ മുന്‍കാല തെരഞ്ഞെടുപ്പുകളിലെല്ലാം വാങ്ങുകയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായ് ധാരണയില്‍ മുക്കം മുന്‍സിപ്പാലിറ്റിയുള്‍പ്പെടെ ഭരിക്കുകയും ചെയ്ത സ്വന്തം പാര്‍ട്ടിയുടെ ചരിത്രം അധികം അകലെയല്ലെന്ന് വിജയരാഘവന്‍ ഓര്‍ക്കണം.

മിനിമം പക്വതയെങ്കിലും കാണിക്കണം
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി സ്‌പോണ്‍സര്‍ ചെയ്ത സ്ഥാനാര്‍ത്ഥിയെ പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച ചരിത്രവും വിജയരാഘവന്‍ മറന്നിട്ടുണ്ടാവില്ലല്ലോ. അന്നൊന്നും അതിനെ വര്‍ഗീയവത്കരിക്കാന്‍ കോണ്‍ഗ്രസോ യു.ഡി.എഫോ തയ്യാറായിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനുള്ള മിനിമം പക്വതയെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയെന്ന മഹത്തായ പദവിയില്‍ ഇരിക്കുമ്പോള്‍ താങ്കള്‍ കാണിക്കണം.

ന്യൂനപക്ഷ സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു
ശബരിമലയില്‍ വിശ്വാസികളായ ജനലക്ഷങ്ങളെ മുറിവേല്‍പ്പിച്ചതിന്റെ പ്രത്യാഘാതം ലോകസഭാ തെരഞ്ഞെടുപ്പില്‍ അനുഭവിച്ചവരാണ് നിങ്ങള്‍. ഇപ്പോള്‍ അവരെ പ്രീണിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാനാണ് ന്യൂനപക്ഷ സമുദായങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. പക്ഷെ ആ പരിപ്പ് കേരളത്തിന്റെ രാഷ്ട്രീയ അടുക്കളയില്‍ വേവില്ലെന്ന് വിനയത്തോടെ ഓര്‍മ്മപ്പെടുത്തുന്നു. രാഷ്ട്രീയ പ്രബുദ്ധതയും പാകതയും വന്ന ജനതയാണ് ഇവിടെയുള്ളത്.

തെരഞ്ഞെടുപ്പ് വരും പോകും
നിങ്ങളുടെ പാര്‍ട്ടിയിലെ മതേതര വിശ്വാസികളായ അണികള്‍ വരെ ഈ നിലപാടുകള്‍ തള്ളിപ്പറയും. നാലു വോട്ടിനുവേണ്ടി ഏതറ്റം വരെയും താഴരുതെന്ന അഭ്യര്‍ത്ഥനയാണ് വിജയരാഘവനോടുള്ളത്. തെരഞ്ഞെടുപ്പ് വരും പോകും. പക്ഷെ നാം ഇവിടെ ജീവിക്കേണ്ടവരാണ്. മറക്കരുത്. ഇനി വര്‍ഗീയത പറയാന്‍ വായ തുറക്കുന്നതിന് മുമ്പ് വിജയരാഘവന്‍ ഇക്കാര്യം പത്തുവട്ടം ആലോചിക്കണം''.












Click it and Unblock the Notifications