ടോള്‍ ബൂത്ത് അടിച്ചുപൊളിക്കും, കോണ്‍ഗ്രസ് ഇനി നോണ്‍ വെജിറ്റേറിയന്‍ സമരത്തിലേക്കെന്ന് മുരളീധരന്‍
തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചേക്കും എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കിഫ്ബിയുടെ ടോള്‍ ബൂത്തുകള്‍ തുടങ്ങിയാല്‍ അടിച്ചു പൊളിച്ചിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇത്രയും കാലം നടത്തിയിരുന്നത് വെജിറ്റേറിയന്‍ സമരം ആയിരുന്നു എന്നും ഇനി നോണ്‍ വെജിറ്റേറിയന്‍ സമരം ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞിരുന്നു. കിഫ്ബി റോഡില്‍ ടോള്‍ പിരിവ് നടത്തിയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം ടോളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ് എന്നാണ് വിവരം.

അതേസമയം ടോളിനോട് പൊതുവേ യോജിപ്പില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത് എന്നും കടം വീട്ടി തീര്‍ക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു. ടോളിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. ഇക്കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എല്‍ ഡി എഫ് ടോള്‍ പിരിവിന് തത്വത്തില്‍ അംഗീകാരം നല്‍കി എന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ടോള്‍ പിരിക്കാനുള്ള തീരുമാനത്തെ മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്കും സ്വാഗതം ചെയ്തിരുന്നു. കിഫ്ബി മോഡലിനെ തകര്‍ക്കാന്‍ കേന്ദ്രവും യുഡിഎഫും ശ്രമിക്കുകയാണ് എന്നും അതിനെ മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത് എന്നുമാണ് തോമസ് ഐസക് പറയുന്നത്. 50 കോടി രൂപയ്ക്കു മേല്‍ ചെലവിട്ട റോഡുകളില്‍ നിന്നു ടോള്‍ പിരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
തിരുവനന്തപുരത്തെ പ്രാവച്ചമ്പലം കൊടിനട നാലുവരിപ്പാത, വഴയില നാലുവരിപ്പാത, വികസിപ്പിക്കുന്ന വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍, കൊട്ടാരക്കര ബൈപാസ്, കുട്ടിക്കാനം ചപ്പാത്ത് മലയോര ഹൈവേ, മലയോര പാതയുടെ പാതയുടെ മറ്റു ജില്ലകളിലെ റീച്ചുകള്‍, നിര്‍മാണം നടക്കുന്ന തീരദേശ ഹൈവേ, അങ്കമാലി കൊച്ചി എയര്‍പോര്‍ട്ട് ബൈപാസ്, മുവാറ്റുപുഴ, പെരുമ്പാവൂര്‍ ബൈപാസുകള്‍ തുടങ്ങിയവയിലൊക്കെ ടോള്‍ പിരിവ് നടത്താനാണ് ആലോചന.












Click it and Unblock the Notifications