'ശ്രീ എം ആള്‍ ദൈവവുമല്ല ആർഎസ്എസും അല്ല', വിടി ബൽറാമിനെതിരെ പിജെ കുര്യൻ രംഗത്ത്
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത് വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി എമ്മിന് പാട്ടത്തിന് നല്‍കിയതും പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ശ്രീ എമ്മിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം നടത്തിയ വിമര്‍ശനത്തെ ഖണ്ഡിച്ച് കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവായ പിജെ കുര്യന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പിജെ കുര്യന്റെ പ്രതികരണം: '' ശ്രീ. എംനെക്കുറിച്ച്.. സംസ്ഥാന ഗവണ്മെന്റ് ശ്രീ.എംന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചു കൊണ്ടുള്ള ശ്രീ വി ടി ബല്‍റാം MLAയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ. ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ 'ആള്‍ ദൈവമെന്നും 'RSS സഹയാത്രികനെന്നും' വിശേഷിപ്പിച്ചത് ശ്രീഎംനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.

എനിക്ക് ശ്രീ.എം -മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എകതാ യാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല RSSഉം അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ RSS ആകുമോ?
ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ? ഒരു MLA ആയ ശ്രീ. ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എംനെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എംന്‍റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല''.












Click it and Unblock the Notifications