മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; സ്വപ്‌നയ്ക്ക് ക്രഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് സിപിഎം: ഷാഫി പറമ്പില്‍
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. സ്വപ്‌നയ്ക്ക് ക്രഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ഞങ്ങളല്ലെന്നും സ്വപ്‌നയുടെ മൊഴി വിശ്വസിക്കണമെന്ന് പറഞ്ഞത് സി പി എം നേതാക്കളാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
സരിത്തിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള സര്‍ക്കാരിന്റെ അനാവശ്യ വെപ്രാളവും മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം പറയേണ്ട മുഖ്യമന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം വാ തുറന്നിട്ടില്ല. മുഖ്യമന്ത്രി മൗനം വെടിയാന്‍ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി കള്ളമാണെങ്കില്‍ എന്തുകൊണ്ടാണ് പിണറായി വിജയന്‍ കോടതിയെ സമീപിക്കാത്തത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി കള്ളമാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് അവരെ ഏഴ് വര്‍ഷം വരെ ശിക്ഷിക്കാം. അതേ കോടതിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. എന്ത് കൊണ്ടാണ് കോടതിയില്‍ പോകാത്തതെന്ന് വി ഡി സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ അപകീര്‍ത്തികരമായ ആരോപണം വന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാം. അതിനും തയ്യാറായില്ലല്ലോ. ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് പ്രതിയായ സ്ത്രീ പറയുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പോലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ? വേണ്ടാത്തത് എന്തോ നടന്നിട്ടുണ്ട്. ഒത്തുതീര്‍പ്പിനുള്ള ശ്രമം നടന്നിട്ടുണ്ട്.
നിയമം കയ്യിലെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് പോകുന്നു. പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ വരുന്നത് അറിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തു. ഇനി ഈ രണ്ട് കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരുമാണെന്നും വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി.
കേരള സര്‍ക്കാരിന് സമാന്തരമായി മാഫിയസംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നത്. സിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിലെ ചിലഭാഗങ്ങള്‍. ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലല്ലാതെ മാറ്റൊരു ഏജന്‍സിയുടെ അന്വേഷണവും സ്വീകാര്യമല്ല. അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കാന്‍ തയ്യാറുകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കേരളം കാണും. മുഖ്യമന്ത്രിയും എഡിജിപിമാരും ആരോപണവിധേയരായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ പ്രഹസന അന്വേഷണത്തില്‍ ഒരിക്കലും സത്യം പുറത്തവരില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഇതിനിടെ, സ്വപ്‌ന സുരേഷിന്റെ ആരോപണം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കഥയുണ്ടാക്കി പറയുന്നവര്‍ പലതും ഉണ്ടാക്കും. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്കെല്ലാം അല്‍പായുസ് മാത്രേ ഉണ്ടാകൂ. ഇതിന് മുന്‍പില്‍ സിപിഎം കീഴടങ്ങില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് അവരുടെ ആവശ്യം. എന്നാല്‍ കലാപം നടത്തി മുഖ്യമന്ത്രിയെ രാജിവെപ്പിക്കാന്‍ സാധിക്കുമോയെന്ന് കോടിയേരി ചോദിച്ചു.
അങ്ങനെയാണെങ്കില്‍ ഈ രാജ്യത്ത് ഭരണം ഉണ്ടാകില്ലല്ലോയെന്നും കോടിയേരി ചോദിച്ചു. സ്വപ്ന കോടതിക്ക് നല്‍കിയ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അത് മാറ്റി. മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നു. അതും മാറ്റി. ഓരോ തവണയും ഓരോ മൊഴിയാണ് കൊടുക്കുന്നത്.












Click it and Unblock the Notifications