ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ല, കേരളത്തിന്റെ നികുതിപിരിവ് പരാജയം: വി ഡി സതീശൻ
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹി സമരത്തെ പിന്തുണയ്ക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവൻ കാരണം കേന്ദ്രം അല്ലെന്നും വി ഡി സതീശൻ പറഞ്ഞു. 57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്, കേരളത്തിലെ നികുതി പിരിവ് പരാജയമാണെന്നും സതീശൻ പറഞ്ഞു.
ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന. പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണിത്. സർക്കാരിന് പ്രതിപക്ഷം ക്രിയാത്മകമായ നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സർക്കാരാണ്, നില ഇല്ല കയത്തിലേക്ക് കേരളത്തെ തള്ളിവിട്ടിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിക്കുന്നു.

വി മുരളീധരൻ രാത്രിയിൽ പിണറായിക്കൊപ്പം ചർച്ച നടത്തുന്നു. പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീർപ്പ് ഇടനിലക്കാരൻ മുരളീധരനാണെന്നും സുരേന്ദ്രന്റെ കള്ളപ്പണ കേസ് ഒത്തുതീർക്കുന്നതും മുരളീധരനാണെന്നും വി ഡി സതീശൻ പറഞ്ഞു. മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. എന്തിനാണ് എട്ട് മാസം അന്വേഷിക്കുന്നത. ലൈഫ് മിഷൻ കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ല. എല്ലാം അഡ്ജസ്റ്റ്മെന്റ് ഒത്തുതീർപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സമരം തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഴര വർഷം കേന്ദ്രത്തിനെതിരെ മിണ്ടിയില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ട് വിറയ്ക്കുന്നു. ധനപ്രതിസന്ധിക്ക് കാരണം അഴിമതി ആണ്. കണ്ടിട്ട് സമരമാണോ എന്ന് പോലും സംശയമാണ്, ചെന്നിത്തല പറഞ്ഞു. ' കർണാകത്തിന്റെ സമരം വ്യത്യസ്ത സമരം. രണ്ട് സമരവും താരതമ്യം ചെയ്യാനാവില്ല. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ യു ഡി എഫ് ആണ് മുൻ പന്തിയിൽ. രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications