'പി ജയരാജനേയും വെകിളി പിടിച്ച പാർട്ടിക്കൂട്ടത്തേയും നിയന്ത്രിക്കാൻ പിണറായി മുൻകൈ എടുക്കണം': ബല്‍റാം
കാസര്‍കോട്: സിപിഎം നേതാവ് പി ജയരാജൻ വന്ന് തിരിച്ച് പോയതിന് തൊട്ടുപിന്നാലെ കാസർക്കോട് പെരിയയിൽ സിപിഎമ്മിന്റെ അക്രമങ്ങൾ വീണ്ടും അതിര് വിടുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതിന്‍റെ ദൃശ്യങ്ങളും ബല്‍റാം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്ന സിപിഎം പ്രകടനത്തിന് അകമ്പടി പോവുന്ന പോലീസിനെതിരേയും ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായ വിമര്‍ശനം നടത്തുന്നു.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
കോൺഗ്രസ് മുൻകൈയിൽ നിർമ്മിച്ച ബസ് ഷെൽറ്റർ തകർത്തതിന് ശേഷം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയയുടേയും യൂത്ത് കോൺഗ്രസ് നേതാവ് രാകേഷ് പെരിയയുടെയും പേരെടുത്ത് പറഞ്ഞാണ് സിപിഎം ക്രിമിനലുകൾ ഇത്തവണ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത്.

പ്രതിഷേധ പരിപാടികളിലെ പതിവ് മുദ്രാവാക്യമായി ഇതിനെ കാണാനാവില്ല. ഒരു വർഷം മുൻപ് ഇതിനടുത്ത സ്ഥലത്ത് കൃപേഷിന്റേയും ശരത് ലാലിന്റേയും പേര് എടുത്തുപറഞ്ഞ് സിപിഎമ്മുകാർ കൊലവിളി മുഴക്കിയിരുന്നു. ദിവസങ്ങൾക്കകം അവർ ഇരുട്ടിന്റെ മറവിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തപ്പെട്ടു. ഇപ്പോൾ വീണ്ടുമവർ ഭീഷണിപ്പെടുത്തുന്ന രാജൻ പെരിയയുടെ വീട് അന്ന് സിപിഎം അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു.
പോലീസിന്റെ ജീപ്പ് അകമ്പടിയായി പോകുന്നത് ദൃശ്യങ്ങളിൽ കാണാനുണ്ട്. അതിനകത്തിരിക്കുന്നത് ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന, നിയമപാലനത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണെങ്കിൽ ഈ അക്രമങ്ങൾക്കും കലാപാഹ്വാനത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം.
കേരളത്തിന്റെ മണ്ണിൽ രാഷ്ട്രീയ ക്രിമിനലുകൾക്ക് ഇനിയൊരവസരം കൂടി നൽകരുത്. പി ജയരാജനേയും വെകിളി പിടിച്ച പാർട്ടിക്കൂട്ടത്തേയും നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുൻകൈ എടുക്കണം.












Click it and Unblock the Notifications