കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളി തെറിക്കില്ല, ഗ്രൂപ്പുകളിയില്‍ കോണ്‍ഗ്രസില്‍ പരാതിക്കെട്ട്, 7 ഡിസിസികള്‍ക്കെതിരെ നടപടി!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്. തോല്‍വിയുടെ കാരണം അന്വേഷിച്ച് സംസ്ഥാനത്തെത്തിയ താരിഖ് അന്‍വറിന് മുന്നില്‍ ഗ്രൂപ്പ് കളിയെ കുറിച്ച് വന്‍ പരാതികളാണ് ഉയര്‍ന്നത്. അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറില്ലെന്ന സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. എന്നാല്‍ മോശം പ്രകടനം നടത്തിയവരെ നേതാക്കള്‍ പോലും കൈവിട്ടെന്നാണ് സൂചന. ഏഴ് ഡിസിസികള്‍ക്കെതിരെയാണ് നടപടി ഒരുങ്ങുന്നത്.

പരാതികളുടെ പ്രവാഹം

പരാതികളുടെ പ്രവാഹം

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വം പരാജയപ്പെട്ടെന്നാണ് പ്രധാന പരാതി. ഇതിന് പ്രധാനമായി പറയുന്നത് തിരഞ്ഞെടുപ്പ് ഫണ്ടുകളോ പോസ്റ്ററുകളോ പോലും സ്ഥാനാര്‍ത്ഥികളിലേക്ക് എത്തിയില്ലെന്നാണ്. താരിഖ് അന്‍വറിന് മുന്നിലാണ് ഈ പരാതികളുടെ വന്‍ പ്രവാഹം തന്നെ ഉണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് കളിയുണ്ടായിരുന്നു. അത്തരം അതിപ്രസരമാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും കുറ്റപ്പെടുത്തലുണ്ട്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല.

ഏഴ് ഡിസിസികളില്‍ മാറ്റം

ഏഴ് ഡിസിസികളില്‍ മാറ്റം

തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ഡിസിസി പ്രസിഡന്റുമാരെയാണ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ടിഎന്‍ പ്രതാപനാണ് ആവശ്യപ്പെട്ടത്. ഗ്രൂപ്പ് അതിപ്രസരത്തിന്റെ പരാതി പിസി ചാക്കോയാണ് ഉന്നയിച്ചത്. വിഡി സതീശന്‍ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ചയെയാണ് ഉയര്‍ത്തികാണിച്ചത്. തോല്‍വിക്ക് എല്ലാ ഡിസിസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കെസി ജോസഫ് നിലപാടെടുത്തു. സോഷ്യല്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ സാധിച്ചില്ലെന്ന് വിഡി സതീശന്‍ ഉന്നയിച്ചു.

രണ്ട് പേര്‍ സേഫ്

രണ്ട് പേര്‍ സേഫ്

മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും തല്‍ക്കാലം സേഫാണ്. മുല്ലപ്പള്ളി നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച ജയം നേടി തന്നപ്പോള്‍ തന്നെ ആരും അഭിനന്ദിച്ചില്ലെന്നും, എന്നാല്‍ ഇപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്താന്‍ മുന്നിലുണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും നിയമസഭാ തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്. ഇത് വിജയിച്ചില്ലെങ്കില്‍ രണ്ട് പേര്‍ക്കും പിടിച്ച് നില്‍ക്കാനാവില്ല. മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇതോടെ തെറിക്കും. ചെന്നിത്തല യുവാക്കള്‍ക്കായി വഴിമാറി കൊടുക്കേണ്ടി വരും.

രാജ്യസഭാ തിരഞ്ഞെടുപ്പ്

രാജ്യസഭാ തിരഞ്ഞെടുപ്പ്

കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കണമെന്നാണ് പിസി ചാക്കോ ആവശ്യപ്പെട്ടത്. ഇതിലൂടെ ഘടകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാവുമെന്നും ചാക്കോ പറഞ്ഞു. ഗ്രൂപ്പ് വീതം വെപ്പ് തിരിച്ചടിക്ക് കാരണമായെന്നാണ് അടൂര്‍ പ്രകാശ് പരാതിപ്പെട്ടത്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊളിച്ചെഴുത്ത് ഉണ്ടായാല്‍ അത് പ്രതിസന്ധികളുണ്ടാക്കുമെന്ന് കെസി ജോസഫ് പറഞ്ഞു.

മുല്ലപ്പള്ളി വിഭാഗം പറയുന്നത്

മുല്ലപ്പള്ളി വിഭാഗം പറയുന്നത്

ഗ്രൂപ്പ് കളിയാണ് പാര്‍ട്ടിയെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്ന് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. നേരത്തെ ഗ്രൂപ്പ് പോരിനെതിരെ കെപിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. തോല്‍വിക്ക് കാരണം ഇതാണെന്നായിരുന്നു അതിലും പറഞ്ഞിരുന്നത്. അതേസമയം മുസ്ലീം അടക്കമുള്ള ഘടകക്ഷികളുമായും താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് കളിയില്‍ ഹൈക്കമാന്‍ഡ് അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.

മാറ്റം വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

മാറ്റം വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

കെപിസിസിയുടെ നേതൃനിരയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. മുല്ലപ്പള്ളിയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചത്. അതേസമയം എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് കൈമാറും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനുള്ള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഹൈക്കമാന്‍ഡ് കെപിസിസി നേതൃത്വത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളെക്‌സും ഉയര്‍ന്നിട്ടുണ്ട്.

English summary
congress leaders complaints on groupism to tariq anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X