കൊച്ചി മേയറെ മാറ്റണമെന്നാവർത്തിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം; കൊച്ചിയിൽ പ്രത്യേക യോഗം
എറണാകുളം: കൊച്ചി മേയർ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റണമെന്ന് നിലപാടിൽ ഉറച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം. നഗരസഭയിലെ സാഹചര്യം ജില്ലയിലെ മുതിർന്ന നേതാക്കൾ ചർച്ച ചെയ്തു. വിഡി സതീശൻ, കെവി തോമസ്, കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ടെജെ വിനോദ്, പിടി തോമസ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ജില്ല നേതൃത്വത്തിന്റെ വികാരം കെപിസിസി അധ്യക്ഷനെ അറിയിക്കും. ഇക്കാര്യം ഘടകകക്ഷികളുമായി ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായതായി വിഡി സതീശൻ വ്യക്തമാക്കി. കൊച്ചി കോർപ്പറേഷൻ ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ കൊച്ചി മേയർ സൗമിനി ജെയിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കൊച്ചിയിലെ വെള്ളക്കെട്ടും, ഗതാഗതക്കുരുക്കും തുടങ്ങി കോർപ്പറേഷന്റെ ഭരണ പരാജയങ്ങളാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നാണ് ആരോപണം. അതേസമയം മേയറെ ബലിമൃഗമാക്കില്ലെന്നും പരാജയമായാലും വിജയം ആയാലും എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
മേയറെ മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യ പ്രതികരണവുമായി എത്തിയിരുന്നു. ഹൈബി ഈഡൻറെ ഭാവമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ല. നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു മേയർ സൗമിനി ജെയിന്റെ മറുപടി.












Click it and Unblock the Notifications