കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ;ആര്‍എസ്എസുമായി കെ സുധാകരനുള്ള ബന്ധം വെളിപ്പെട്ടു: പി ജയരാജന്‍
കണ്ണൂർ: അരിയിൽ ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീർ നടത്തിയ വെളിപ്പെടുത്തലില്‍ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി പി ജയരാജൻ. യുഡിഎഫിനെ പോലെ ബിജെപി സർക്കാരിന്റെ കാലത്തും അന്വേഷണ ഏജൻസിയെ സുധാകരൻ സ്വാധീനിച്ചെന്നാണ് വെളിപ്പെടുത്തലിലൂടെ വ്യക്തമായതെന്ന് ജയരാജൻ പറഞ്ഞു.
'അരിയിൽ കേസിൽ ഇടപെട്ടത് ഞാനാണ് എന്ന് ലീഗുകാരെ ഓർമ്മിപ്പിച്ച് പ്രകോപിപ്പിച്ച് തന്റെ പിന്നിൽ അണിനിരത്താനുള്ള കെ സുധാകരന്റെ സൃകാല ബുദ്ധിയാണ് ഈ പ്രചാരണത്തിന്റെ പിന്നിലുള്ളത്.പക്ഷെ കോൺഗ്രസ്സ് നേതാവിന്റെ പ്രസംഗം ഇന്ത്യയിലെ ന്യുനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആർ എസ് എസിന്റെ സന്തത സഹചാരിയെ വെള്ളപൂശാനാണെന്ന് സാധാരണ ലീഗണികൾ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

അരിയില്‍ ഷുക്കൂര്‍ കേസില്‍ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കില്‍ അതിന് പുറകില്‍ കെ സുധാകരന്റെ വിയര്‍പ്പുണ്ടെന്നാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ ബിആര്‍എം ഷെഫീര്‍ പ്രസംഗിച്ചത്. കെ സുധാകരന്‍ പൊലീസിനെ വിരട്ടി എഫ്ഐആര്‍ ഇടീപ്പിച്ചെന്നും സിബിഐക്ക് വേണ്ടി ദല്‍ഹിയില്‍ പോയി നിയമപോരാട്ടം നടത്തിയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു.
പി ജയരാജന്റെ കുറിപ്പിന്‌റെ പൂർണരൂപം- കഴിഞ്ഞ ദിവസം കെ സുധാകരനെകുറിച്ച് ഒരു കോൺഗ്രസ്സ് നേതാവ് കണ്ണൂരിൽ നടത്തിയ പുകഴ്ത്തൽ പ്രസംഗത്തിൽ എന്നെയും സ:ടിവി രാജേഷിനെയും അരിയിൽ കേസിൽ കുടുക്കിയത് സുധാകരൻ പോലീസിൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് വെളിപ്പെടുത്തുകയുണ്ടായി.ആ കേസിൽ എന്നെയും ടിവി രാജേഷിനെയും തെറ്റായി പ്രതിചേർത്തത് ക്രിമിനൽ നടപടി ചട്ടം 118 പ്രകാരമാണ്.കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന കുറ്റത്തെ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഈ വകുപ്പ് ചേർത്തത് .കേട്ടുകേൾവിയില്ലാത്ത നിലയിലാണ് ഞങ്ങളെ ആ കേസിലുൾപ്പെടുത്തി വേട്ടയാടിയത്.
പിന്നീട് ഹൈക്കോടതിയിൽ വന്ന ഒരു പരാതിയെ തുടർന്ന് കേസന്വേഷണം സിബിഐക്ക് കൈമാറി. ഞങ്ങളെ ആദ്യം കള്ളക്കേസിൽ പെടുത്തിയത് യുഡിഎഫ് ഗവൺമെന്റാണ്.അത് യുഡിഎഫിന്റെ താത്പര്യപ്രകാരമാണെന്ന് അന്നേ ആക്ഷേപം ഉയർന്നതാണ് .പിന്നീട് സിബിഐ ഏറ്റെടുത്തതിന് ശേഷം 2018 സെപ്തംബർ മാസത്തിൽ ഞങ്ങളിരുവരുടെയും പേരിൽ 120 ബി വകുപ്പനുസരിച്ച് ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തി.ഇതിന് വേണ്ടി സുധാകരൻ ഡൽഹിയിൽ പോയി സിബിഐ യിൽ സമ്മർദ്ദം ചെലുത്തി എന്നാണ് കോൺഗ്രസ്സ് നേതാവ് പ്രസംഗിച്ചത്.
യുഡിഎഫിനെ പോലെ ബിജെപി സർക്കാരിന്റെ കാലത്തും അന്വേഷണ ഏജൻസിയെ സുധാകരൻ സ്വാധീനിച്ചെന്നാണ് വ്യക്തമാകുന്നത്.
ആർഎസ്എസിന്റെ ശാഖാ സംരക്ഷത്തിന് തന്റെ കുട്ടികളെ അയച്ചെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച സുധാകരന്റെ ശക്തമായ ആർഎസ്എസ്/ ബിജെപി ബന്ധമാണ് ഇതിലൂടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്.
പുരാവസ്തു തട്ടിപ്പ് കേസിൽ മുഖ്യപ്രതിയോടൊപ്പം പങ്കാളിത്തം വഹിച്ച സുധാകരനെതിരെ കേസ് വന്നപ്പോൾ അരിയിൽ കേസിലെ സുധാകരന്റെ ഇടപെടൽ വെളിപ്പെടുന്നത് ഒരുതരത്തിൽ ബോധപൂർവ്വമാണ്.നാളിതുവരെ ഒരു കെപിസിസി പ്രസിഡന്റ് തട്ടിപ്പ്കേസിൽ അകപ്പെട്ടിട്ടില്ല. അത് മാത്രമല്ല ഈ കേസിൽ അറസ്റ് ചെയ്തതിനെ തുടർന്നുള്ള പ്രതിഷേധ പരിപാടികളിൽ സുധാകര ഗ്രൂപ്പ് മാത്രമാണ് സജീവമായി പങ്കെടുക്കുന്നത്.
അരിയിൽ കേസിൽ ഇടപെട്ടത് ഞാനാണ് എന്ന് ലീഗുകാരെ ഓർമ്മിപ്പിച്ച് പ്രകോപിപ്പിച്ച് തന്റെ പിന്നിൽ അണിനിരത്താനുള്ള കെ സുധാകരന്റെ സൃകാല ബുദ്ധിയാണ് ഈ പ്രചാരണത്തിന്റെ പിന്നിലുള്ളത്.പക്ഷെ കോൺഗ്രസ്സ് നേതാവിന്റെ പ്രസംഗം ഇന്ത്യയിലെ ന്യുനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആർ എസ് എസിന്റെ സന്തത സഹചാരിയെ വെള്ളപൂശാനാണെന്ന് സാധാരണ ലീഗണികൾ കൃത്യമായി തിരിച്ചറിയുന്നുണ്ട്.












Click it and Unblock the Notifications