മുഖ്യമന്ത്രി ചർച്ചയിൽ വടിയെടുത്ത് കോൺഗ്രസ് നേതൃത്വം- എഐസിസിയുടെ കർശന നിർദേശം, അച്ചടക്കലംഘനമായി കണക്കാക്കും
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് നേതാക്കളും അണികളും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തി പാർട്ടിക്ക് സമൂഹത്തിനിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യത്തിൽ വടിയെടുത്ത് നേതൃത്വം. പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അനുചിതമായ നടപടിയിൽ നിന്ന് എല്ലാവരും മാറി നിൽക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. നിർദേശം പാലിച്ചില്ലെങ്കിൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്ന മുന്നറിയിപ്പും സണ്ണി ജോസഫ് നൽകിയിട്ടുണ്ട്. വിഷയത്തിൽ എഐസിസി ഇടപെട്ടതിനെ തുടർന്നാണ് പുതിയ നീക്കം.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാണ് അണികൾ പാട്ടും പോഡ്കാസ്റ്റും വിഡിയോയും പുസ്തകവുമൊക്കെയായി രംഗത്തെത്തിയത്. ഇത്തരം നീക്കങ്ങൾ കോൺഗ്രസ് പ്രവർത്തകരിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാനുള്ള കർശന നിർദേശമാണ് എഐസിസി നൽകിയിരിക്കുന്നത്. എങ്കിലും അത് മുഖവിലയ്‌ക്കെടുക്കാതെ മുഖ്യമന്ത്രി ഇന്നയാൾ എന്ന് സൂചിപ്പിക്കുന്ന ഫ്ലക്സുകൾ വരെ ഉയർന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധിതമായത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായത്. മുഖ്യമന്ത്രി എറണാകുളത്ത് നിന്നുള്ള ആളാവണമെന്ന് പറഞ്ഞ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ചർച്ചക്ക് തുടക്കമിട്ടത്. ഇതിനിടെ മുസ്ലിം ലീഗും കെ. മുരളീധരൻ, എം.കെ. രാഘവൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ചർച്ച അനുചിതമാണെന്ന് പറഞ്ഞെങ്കിലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചര്‍ച്ചയുമായി മുന്നോട്ടുപോവുകയായിരുന്നു. ഈ ചർച്ച നിയന്ത്രിക്കാൻ എഐസിസി ഇടപെടുന്നില്ലെന്ന വിമർശനവും നേരിട്ടിരുന്നു.
ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഇക്കാര്യത്തിൽ പരസ്യ നിലപാടുമായി രംഗത്തെത്തുകയും ചെയ്തു. ഭരണം ലഭിക്കുന്നതിന് മുമ്പേയുള്ള ഇത്തരം ചർച്ചകൾ പൊതുസമൂഹത്തിൽ മുന്നണിയുടെ പ്രതിച്ഛായ തകർക്കുമെന്നാണ് ഘടക കക്ഷികളുടെ നിലപാട്. അധികാരമേൽക്കുന്നതിന് മുമ്പേ ഉണ്ടായ ഈ ഭിന്നത സർക്കാറിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. 'ഇദ്ദേഹം മുഖ്യമന്ത്രിയായി നയിക്കുന്ന സർക്കാർ വരാൻ ആരൊക്കെ ആഗ്രഹിക്കുന്നു’ എന്ന തലവാചകത്തോടെ നേതാക്കളുടെ ഫോട്ടോ വെച്ചുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. കമന്‍റ് ബോക്സ് നേതാവിനെ എതിർത്തും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളുടെയും കൊമ്പുകോർക്കലുകളുടെയും വേദിയായും മാറി. സമൂഹമാധ്യമ പോരാട്ടം പരിധിവിട്ടതോടെ ഡിജിപിക്ക് കെപിസിസി പരാതി നൽകേണ്ടിയും വന്നു.
ഫ്ലക്സ് ബോർഡും പോഡ്കാസ്റ്റും വിക്കിപീഡിയയിൽ 'മുഖ്യമന്ത്രിപ്പദവി’ നൽകലുമടക്കം കോൺഗ്രസിലെ കസേര ചർച്ചകൾ പുതിയ തലത്തിലേക്ക് മാറിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ ഉയർത്തിക്കാട്ടി മലപ്പുറത്തും കണ്ണൂരിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. 'നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്ലക്സിലുണ്ടായിരുന്നത്. രമേശ് ചെന്നിത്തലയെ വാഴ്ത്തി 'ജനനായകൻ’ എന്ന വിഡിയോയാണ് പുറത്തുവന്നത്. ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ 'കേരള യാത്ര’ എന്ന പോഡ് കാസ്റ്റും ചെന്നിത്തല തുടങ്ങി.
കെ.സി. വേണുഗോപാലിനെ പ്രകീർത്തിച്ച് ഗാനം പുറത്തിറങ്ങിയതിന് പുറമേ, ഡോക്യുമെന്ററിയും വരുന്നുണ്ട്. അതിനിടെയാണ് വേണുഗോപാലിനെ 13ാം മുഖ്യമന്ത്രിയാക്കി വിക്കിപീഡിയയിൽ വിവരണം വന്നത്. വേണുഗോപാലിന്റെ ജീവചരിത്രം 'നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ ഉടന്‍ പുറത്തുവരുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകവും അണിയറയിൽ ഒരുങ്ങുകയാണ്.












Click it and Unblock the Notifications