'സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു, ഖാർഗെയം കൊണ്ട് കളവ് പറയിച്ചാലെ ഇനി രക്ഷയുള്ളൂ'
കോണ്‍ഗ്രസിലെ കത്ത് വിവാദത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. കോൺഗ്രസിലെ പതിവ് ഇതൊക്കെ തന്നെയാണെങ്കിലും സുധാകരന്റെ ചിലവിൽ പാർട്ടി അധ്യക്ഷൻ ആയ സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. ഇനിയിപ്പോൾ മല്ലികാർജ്ജുൻ ഖാർഗെയെ കൊണ്ട് കളവ് പറയിപ്പിക്കാതെ വേറൊരു രക്ഷയും കോണ്‍ഗ്രസിന് ഇല്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസിൻ്റെ പോസ്റ്റ് ഇങ്ങനെ
'ഹൈക്കമാൻഡാണ് കെ.സുധാകരനെ അരിഞ്ഞത് എന്നതായിരുന്നല്ലോ ഇവിടെ പ്രചരിച്ച കഥ....
എന്നാൽ സുധാകരന്റെ തന്നെ അനുയായി ആയി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവിയിൽ വന്ന സണ്ണി ജോസഫ് തന്നെയാണ് കേരള നേതൃത്വത്തിന്റെ ഒത്താശയോടെ കെ.സുധാകരനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനുള്ള വജ്രായുധം പ്രയോഗിച്ചത്. എംപിമാർ മത്സരിക്കുന്നതിന്റെ ധാർമ്മികതയ്ക്കപ്പുറം കെ.സുധാകരൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പച്ചതൊടില്ല എന്ന് പോലും സണ്ണി ജോസഫ് പറഞ്ഞുവച്ചു. നല്ല വെടിപ്പുള്ള ഭാഷയിൽ ഇങ്ങനെയൊക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തെഴുതിയാൽ പിന്നെ ഹൈക്കമാൻഡ് എന്തു ചെയ്യും?

കത്ത് ഒറിജിനൽ തന്നെ എന്ന് "മുറിവേറ്റ സിംഹം" കെ.എസ് സ്ഥിരീകരിച്ചു കഴിഞ്ഞു .. വോട്ടെടുപ്പ് വരെ അടങ്ങിയിരിക്കാൻ മൂപ്പർക്ക് മേൽ ചെറിയ സമ്മർദ്ധമൊന്നും അല്ല ഇപ്പോൾ ചെലുത്തുന്നത് ...ഇനിയിപ്പോ ഖർഗ്ഘെയെക്കൊണ്ട് കളവു പറയിക്കൽ മാത്രമെ രക്ഷയുള്ളൂ ..... ആര് ചെയ്താലും സുധാകരന്റെ ചിലവിൽ പാർട്ടി അധ്യക്ഷൻ ആയ സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു... കോൺഗ്രസിലെ പതിവ് ഇതൊക്കെ തന്നെയാണെങ്കിലും ....', ബ്രിട്ടാസ് പോസ്റ്റിൽ പറഞ്ഞു.
കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നാണ് കഴിഞ്ഞ ദിവസം സണ്ണി ജോസഫ് പറഞ്ഞത്.വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം കത്ത് വ്യാജമല്ലെന്നാണ് മനസ്സിലാക്കുന്നതെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകും. പ്രചരിക്കുന്ന കത്തിലെ വിവരങ്ങൾ അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications