ഡി ആർ അനിലിനെതിരെ കോണ്‍ഗ്രസ് അംഗവും പരാതി നല്‍കി: തിരുവനന്തപുരം കോർപ്പറേഷനില്‍ പുതിയ വിവാദം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍ കൌണ്‍സിലറും സി പി എം നേതാവുമായ ഡി ആർ അനിലിനെതിരെ വീണ്ടും പരാതി. ഇടത് അംഗം വധ ഭീഷണി മുഴക്കിയെന്നാരോപിച്ച് കൗണ്‍സിലര്‍ എസ് സുരേഷ് കുമാറാണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. നഗരസഭാ കത്ത് വിവാദത്തില്‍ വെള്ളിയാഴ്ച്ച കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് വധഭീഷണിയെന്നാണ് പരാതി. കോര്‍പ്പറേഷനിലെ കത്ത് വിവാദം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കൗണ്‍സിലറാണ് സുരേഷ് കുമാര്‍.
അനിലിനെതിരെ ബി ജെ പിയും മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പരാതി. സസ്പെന്‍ഡ് ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ ഹാജരില്‍ ഒപ്പിടാന്‍ ശ്രമിച്ചതോടെ 'കാശ് കിട്ടാനാണെങ്കില്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്. അതിന് ഈ ബുക്കില്‍ ഒപ്പിടണോ...' എന്നായിരുന്നു അനിലിന്റെ ചോദ്യം. ഇതാണ് ബി ജെ പിയുടെ പരാതിക്ക് ഇടയാക്കിയത്.

അതേസമയം, കോർപ്പറേഷനിൽ നടക്കുന്ന അഴിമതി വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുന്ന ബി ജെ പിയുടെ വനിതാ കൗൺസിലർമാർക്കെതിരെ അസഭ്യവർഷം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, മുതിർന്ന സി പി എം നേതാവുമായ ഡി ആർ അനിലിനെതിരെ കോർപ്പറേഷനും, പോലീസും നിയമ നടപടി സ്വീകരിയ്ക്കണമെന്ന് ആവശയ്പ്പെട്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് രംഗത്തെത്തി. അഴിമതിയെക്കെതിരെ സമരം ചെയ്യുന്ന വനിതാ ജനപ്രതിനിധികളെ അസഭ്യം പറഞ്ഞും, ഭീഷണിപ്പെടുത്തിയും സമരത്തിൽ നിന്ന് പിന്തിരിപ്പിയ്ക്കുവാനാണ് ഡി ആർ അനിലിനെപ്പോലെ പൊതുപ്രവർത്തനരംഗത്ത് സംസാരത്തിലും,പ്രവൃത്തിയിലും നിലവാരം പുലർത്താത്ത ഡി ആർ അനിലിനെപ്പോലുള്ളവരെ സിപിഎം നേതൃത്വം രംഗത്തിറക്കിയിരിയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിനു വേണ്ടി രണ്ട് മന്ത്രിമാർ തന്നെ നേതൃത്വം നല്കിയ ചർച്ചകൾക്ക് ശേഷം ഇത്തരം പ്രസ്താവനകളുമായി സി പി എം നേതാക്കന്മാർ രംഗത്ത് വരുന്നത് ജനാധി പത്യത്തിന് തന്നെ അപമാനകരമാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന നേതാക്കന്മാരുടെ ആധികൃമാണ് സി പി എമ്മിനെ ദത്തുവിവാദമുൾപ്പെടെയുള്ള തിസന്ധികളിലെത്തിയ്ക്കുന്നത്. ''പണമുണ്ടാക്കണമെങ്കിൽ വേറെവല്ല പണിയ്ക്കും പോകണം'' എന്ന ഡി ആർ അനിലിൻ്റെ പ്രസ്താവനയെക്കുറിച്ച് സി പിഎം സംസ്ഥാന നേതൃത്വവും, സി പി എമ്മിലെ വനിതാ നേതാക്കന്മാരും നിലപാട് വ്യക്തമാക്കണമെന്ന് വി വി രാജേഷ് ആവശ്യപ്പെട്ടു. ബി ജെപി വനിതാ കൗൺസിലർമാരെ അസഭ്യം പറഞ്ഞ ഡി ആർ അനിലിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരസഭയ്ക്കുള്ളിലും,പുറത്തും ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും വിവി രാജേഷ് പറഞ്ഞു .












Click it and Unblock the Notifications