തോമസ്ഐസക് സൈബര്‍ കമ്മിയുടെ നിലവാരത്തിലേക്ക് താഴ്ന്നു; വീഴ്ച്ചകളെ അക്കമിട്ട് നിരത്തി വിഡി സതീശന്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ വീഴ്ച്ചകള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്. ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണങ്ങള്‍ മറുപടി ആയാണ് വിഡി സതീശന് സര്‍ക്കാരിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുന്നത്. തോമസ് ഐസകിന്റെ വാദങ്ങളെ തള്ളികൊണ്ട് മന്ത്രി സൈബര്‍ കമ്മിയുടെ നിലവാരത്തിലേക്ക് താഴ്ന്ന് പോകരുതായിരുന്നുവെന്നും വിഡി സതീശന് പറഞ്ഞു. ഒപ്പം 'കുത്തഴിഞ്ഞു കിടക്കുന്ന ആ നികുതി വകുപ്പ് ഒന്ന് നേരെയാക്കി കുറച്ച് നികുതിയെങ്കിലും പിരിച്ച് ധനവകുപ്പിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതല്ലേ നല്ലതെന്നും' എംഎല്‍എ ധനമന്ത്രിയോട് പറയുന്നു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഡി സതീശന് രംഗത്തെത്തിയത്.

സൈബര്‍ കമ്മി
'ഇന്നലെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ഒരു ഫേസ്ബുക്ക്് പോസ്റ്റ് കണ്ടു. കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികളായ പ്രതിപക്ഷത്തിനെ വിചാരണ ചെയ്യണം എന്നാണ് പോസ്റ്റില്‍ പറയുന്നത്. സാധാരണ സൈബര്‍ കമ്മിയുടെ നിലവാരത്തിലേക്ക് കേരളത്തിന്റെ ധനമന്ത്രി വീണു പോകരുതായിരുന്നു.'

കേരള സര്‍ക്കാര്‍ ഒന്നാംപ്രതി
'ആരോപണം ഒന്ന്: വാളയാര്‍ അതിര്‍ത്തില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ പ്രശ്നമുണ്ടാക്കി. കുടിവെള്ളവും ഭക്ഷണവുമില്ലാതെ പൊരിവെയിലത്ത് ഇരിക്കാന്‍ ഒരു കസേര പോലുമില്ലാതെ ഗര്‍ഭിണികളടക്കം നൂറുകണക്കിനാളുകള്‍ അതിര്‍ത്തിയില്‍ ഒരുമിച്ചുകൂടാന്‍ കാരണമായ കേരള സര്‍ക്കാര്‍ അല്ലേ ഒന്നാംപ്രതി.ആരോപണം രണ്ട് : സുരക്ഷാ മുന്‍കരുതലുകളെപ്പറ്റിയുള്ള ജനങ്ങളുടെ ധാരണ പ്രതിപക്ഷം തകര്‍ത്തു.എന്താണ് ഉദ്ദേശിച്ചതെന്ന് ഐസക്കിനോടു തന്നെ ചോദിക്കണം'

സിപിഎം ശ്രമം
'ആരോപണം മൂന്ന് : പൊതു ആരോഗ്യ സംവിധാനത്തില്‍ കേരളത്തിനുള്ള സ്ഥാനം പ്രതിപക്ഷത്തെ അലോസരപ്പെടുത്തി.രാജഭരണം തുടങ്ങി കേരളത്തിലെ എല്ലാ ജനകീയ സര്‍ക്കാരുകള്‍ക്കും അവകാശപ്പെട്ടത് ഒറ്റക്ക് അടിച്ചെടുക്കാനുള്ള സിപിഎം ശ്രമം' വിഡി സതീശന് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിലെ ചില സര്‍ക്കാര്‍ വാഗ്ദാനങ്ങളെകുറിച്ചും വിഡി സതീശന് അക്കമിട്ട് നിരത്തി.

സര്‍ക്കാര്‍ ചെയ്തത്
സര്‍ക്കാര്‍ എന്താണ് ചെയ്തത് ? 1) പ്രവാസികള്‍ കേരളത്തിലെത്തിയാല്‍ 2.5 ലക്ഷം മുറികള്‍. (ബാത്ത് അറ്റാച്ച്ഡ്) . എവിടെയാണെന്ന് ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. 2) ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം കുറച്ചു കാട്ടാന്‍ നടത്തിയ ശ്രമമാണ് രോഗവ്യാപനത്തിന് കാരണമായത്. ടെസ്റ്റുകള്‍ നടത്തുന്നതില്‍ ഇന്ത്യയില്‍ 19 ാംസ്ഥാനമാണ് കേരളത്തിനുള്ളത്. 3) എല്ലാ ദിവസവും മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാനും നടപ്പാക്കാനുമുള്ള സംവിധാനങ്ങളുടെ അഭാവം.

അഴിമതി
4) രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ പഠിക്കാതെ കേരളം എല്ലാത്തിനും മുന്‍പന്തിയിലാണെന്ന് കാണിക്കാന്‍ പി ആര് ഏജന്‍സികളെ വച്ച് നടത്തിയ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 5) എല്ലാവരും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ മുഴുവന്‍ അഴിമതിയിലായിരുന്നു. 6)കീം പരീക്ഷ വാശിയില്‍ നടത്തി , കുട്ടികളെ രോഗികളാക്കുകയും രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.7) പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിക്കാന്‍ ശ്രമിച്ചു.

സമരം ചെയ്തു
പ്രതിപക്ഷം ചെയ്തത്: 1) മുഴുവന്‍ നേതാക്കളും എംപിമാരും എംഎല്‍എമാരും യുഡിഎഫ് പ്രാദേശിക സര്‍ക്കാരുകളും പാര്‍ട്ടി പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണ്ണമായി സഹകരിച്ചു. 2) കൊവിഡിന്റെ മറവില്‍ നടന്ന സ്പ്രിംഗ്ളര്‍, ബെവ്കോ, ഇമൊബിലിറ്റി, പമ്പാമണല്‍ തുടങ്ങിയ വമ്പന്‍ അഴിമതികളെ തുറന്നു കാട്ടി.3) കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസുമായി കള്ളക്കടത്തു കാര്‍ക്കുള്ള ബന്ധം പുറത്ത് വന്നപ്പോള്‍ സമരം ചെയ്തു.

ചെയ്ത തെറ്റ്?
അഴിമതിക്കും സ്വര്‍ണ്ണക്കള്ളക്കടത്തിനും എതിരായി ശക്തമായ നിലപാടെടുത്തതാണോ പ്രതിപക്ഷം ചെയ്ത തെറ്റ്? ഇതല്ലാതെ എവിടെയെങ്കിലും രോഗം പടരാന്‍ പ്രതിപക്ഷം കാരണമായോ? കുഞ്ഞനന്തന്റെ ശവസംസ്ക്കാരവും , കീം പരീക്ഷയും കടകംപിള്ളിയുടെ ആളെക്കൂട്ടലുമൊന്നും പ്രതിപക്ഷം ഉണ്ടാക്കിയതല്ലല്ലോ ?
ഐസക്ക് ഇതൊക്കെ വെറുതെ പറയുന്നതാണെന്ന് ആര്‍ക്കാണറിയാത്തത്? ഈ അഴിമതി മുഴുവന്‍ നടന്നപ്പോള്‍ ധനകാര്യ വകുപ്പ് എവിടെയായിരുന്നു?

അങ്ങാടിപ്പാട്ട്
റീബില്‍ഡ് പദ്ധതിയിലോ കൊവിഡ് പ്രതിരോധ പരിപാടിയിലോ ഐസക്കിനെ പിണറായി അടുപ്പിച്ചിട്ടില്ലെന്ന് അങ്ങാടിപ്പാട്ടല്ലേ ?കുത്തഴിഞ്ഞു കിടക്കുന്ന ആ നികുതി വകുപ്പ് ഒന്ന് നേരെയാക്കി കുറച്ച് നികുതിയെങ്കിലും പിരിച്ച് ധനവകുപ്പിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതല്ലേ നല്ലത്?