ഹിമാചല്‍പിടിച്ച തന്ത്രവുമായി കോണ്‍ഗ്രസ് മധ്യപ്രദേശിലേക്കും: നഷ്ടമായ കോട്ട പിടിച്ചെടുക്കുമോ
ഭോപ്പാല്‍: ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പഴയ സ്കീം പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനമായിരുന്നു. നിരവധി സർക്കാർ ഉദ്യോഗസ്ഥരുള്ള സംസ്ഥാനത്ത് ഈ പ്രഖ്യാപനം വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നാണ് പുറത്ത് വന്ന റിസല്‍ട്ട് വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഇതേ വാഗ്ദാനം അടുത്തവർഷം നടക്കാനിരിക്കുന്ന മധ്യപ്രദേശിലും പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ അധികാരത്തിലെത്തിയാൽ കോൺഗ്രസ് പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരികെ കൊണ്ടുവരുമെന്നാണ് എം പി സി സി അധ്യക്ഷന്‍ കമല്‍നാഥ് വ്യക്തമാക്കുന്നത്.

2004-ൽ കേന്ദ്രസർക്കാർ പഴയ പെൻഷൻ പദ്ധതിക്ക് പകരം പുതിയ സംവിധാനം കൊണ്ടുവന്നപ്പോള്‍ മധ്യപ്രദേസും അക്കാലത്ത് രണ്ടാമത്തെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. "ശിവരാജ് (സിംഗ് ചൗഹാൻ) സർക്കാർ നിർത്തിവച്ച സർക്കാർ ജീവനക്കാരുടെ പെൻഷൻ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാലുടൻ പുനഃസ്ഥാപിക്കും," കമല്‍നാഥ് ഇന്നലെ രാവിലെ ട്വീറ്റ് ചെയ്തു.

അതേസമയം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ചരിത്രമാണ് കമല്‍നാഥിനുള്ളതെന്നായിരുന്നു സംസ്ഥാന ബി ജെ പി സെക്രട്ടറി രജനീഷ് അഗർവാൾ തിരിച്ചടിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നകാര്യത്തിലാണ് കമൽ നാഥ് അറിയപ്പെടുന്നത്, മധ്യപ്രദേശിലെ 15 മാസത്തെ ഭരണത്തിൽ അത് പ്രകടമാണ്. ബി ജെ പിക്ക് അധികാരം കിട്ടിയ ശേഷം അത് മാറി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജീവനക്കാരുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുകയും എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്നും ബി ജെ പി നേതാവ് പറയുന്നു.

ബിജെപി സർക്കാർ ആരംഭിച്ച നിരവധി ക്ഷേമപദ്ധതികൾ കമല്‍നാഥ് നിർത്തിയതായും അഗർവാൾ ആരോപിച്ചു. എന്നാല്‍ കമല്‍നാഥിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത നാഷണൽ മൂവ്‌മെന്റ് ഓഫ് ഓൾഡ് പെൻഷൻ സ്‌കീമിന്റെ എംപി ചാപ്റ്റർ പ്രസിഡന്റ് പർമാനന്ദ ദെഹാരിയ മുഖ്യമന്ത്രി ചൗഹാനും സമാനമായ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
blackheads remover: ബ്ലാക്ക് ഹെഡ്‌സുകളെ തൂത്തെറിയാം;ഇതാ എട്ട് പൊടിക്കൈകള്‍

''എംപി കോൺഗ്രസ് പ്രസിഡന്റിന് ഞങ്ങൾ നന്ദി പറയുന്നു, വരുന്ന ബജറ്റ് സമ്മേളനത്തിൽ (നിയമസഭയുടെ) സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു," ദെഹാരിയ പിടിഐയോട് പറഞ്ഞു. തന്റെ സംഘടന ഈ വിഷയത്തിൽ പ്രതിഷേധം നടത്തുന്നുണ്ടെന്നും, സംസ്ഥാനത്തെ ബിജെപി ഭരണം 2005 ജനുവരി 1 മുതൽ എല്ലാ സർക്കാർ ജീവനക്കാർക്കും ഒപിഎസ് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗുജറാത്തിന് ശേഷം ആം ആദ്മി പാർട്ടിയും (എ എ പി) അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ ഐ എം ഐ എമ്മും അടുത്ത വർഷം നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എ എ പി ഗുജറാത്തിൽ അഞ്ച് നിയമസഭാ സീറ്റുകൾ മാത്രം നേടിയെങ്കിലും എ ഐ എം ഐ എമ്മിന് ഒരു സീറ്റും ലഭിച്ചില്ല. അതേസമയം, നിരവധി സീറ്റുകളിൽ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് കാര്യമായ സാന്നിധ്യമുള്ളിടത്ത് രണ്ട് പാർട്ടികളും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ തകർത്തുവെന്ന കാര്യം വ്യക്തമാണ്.

ഗുജറാത്തില്‍ 13 ശതമാനം വോട്ട് നേടിയ എ എ പി ദേശീയ പാർട്ടി പദവിക്കുള്ള യോഗ്യത നേടുകയും ചെയ്തു. ബി ജെ പി യും കോൺഗ്രസും പ്രബലമായ രാഷ്ട്രീയ ശക്തികളായ മധ്യപ്രദേശിൽ വിശ്വസനീയമായ ബദലായി ഉയർന്നുവരാനാണ് ഞങ്ങളുടെ ശ്രമമെന്നാണ് എ എ പി വ്യക്തമാക്കുന്നത്. 2023ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തീർച്ചയായും മൂന്നാമത്തെ ഓപ്ഷൻ അവതരിപ്പിക്കുമെന്നും സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്നുമാണ് എഎപി മധ്യപ്രദേശ് പ്രസിഡന്റ് പങ്കജ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications