'പലസ്തീന്റെത് ഭീകരവാദ ആക്രമണം; ഇസ്രായേലിന്റേത് "മറുപടി", ശശി തരൂരിനെതിരെ എം സ്വരാജ്
കോഴിക്കോട്: മുസ്ലീം ലീഗിന്റെ പലസ്തീന്‍ അനുകൂല സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എം സ്വരാജ്. ലീഗിന്റെ ചെലവില്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനമാണ് ശശി തരൂര്‍ നടത്തിയതെന്ന് സ്വരാജ് കുറ്റപ്പെടുത്തി. ലക്ഷണമൊത്ത ഭീകരരാഷ്ട്രമാണ് ഇസ്രായേല്‍ എന്ന് പറയാന്‍ തരൂരിന് ഇപ്പോഴും കഴിയുന്നില്ലെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്: കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് "ഭീകരവാദികളുടെ അക്രമ"ണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു.

ഒപ്പം ഇസ്രായേലിന്റേത് "മറുപടി " യും ആണത്രെ .....! വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബർ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ്.
അതേസമയം വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത് വന്നിട്ടുണ്ട്. താന്‍ അപ്പോഴും ഇപ്പോഴും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ പ്രസംഗം കേട്ടവര്‍ ആരും തന്നെ വിശ്വസിക്കില്ല താന്‍ ഇസ്രായേലിന് ഒപ്പമാണെന്ന്. പ്രസംഗത്തിന്റെ ഒരു വാചകം എടുത്തിട്ട് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കെടി ജലീൽ എംഎൽഎയും തരൂരിനെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ''മിസ്റ്റര്‍ ശശി തരൂര്‍, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവര്‍ത്തനം എന്ന് താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ എന്തേ ഇസ്രായേലിനെ കൊടും ഭീകരര്‍ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റര്‍ തരൂര്‍, അളമുട്ടിയാല്‍ ചേരയും കടിക്കും. (മാളത്തില്‍ കുത്തിയാല്‍ ചേരയും കടിക്കും). അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കള്‍ പൊറുക്കില്ല. ഫലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രായേല്‍ മാല'' പാടിയത്'', ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications