കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയെന്ന് പറഞ്ഞിട്ടില്ല, ഏഴ് സാക്ഷികൾ ഉണ്ട്'; ശശി തരൂർ എംപി
തന്റെ പാർട്ടി സ്ത്രീവിരുദ്ധരാണെന്ന് ശശി തരൂർ സമ്മതിച്ചുവെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വാദം നിഷേധിച്ച് ശശി തരൂർ എംപി. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഒപ്പമുള്ള 7 പേർ അതിന് സാക്ഷികളാണെന്നും തരൂർ എക്സിൽ കുറിച്ചു.
'കിരണ്‍ റിജ്ജുവിനോട് എല്ലാ ആദരവുകളോടെയും ഞാൻ പറയട്ടെ, അങ്ങനെയൊരു കാര്യം ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, അല്ലെങ്കിൽ പറയാൻ ശ്രമിച്ചിട്ടില്ല - എന്നെ പിന്തുണയ്ക്കാൻ ചിത്രത്തിലുള്ള ഏഴ് സാക്ഷികളുമുണ്ട്. റിജ്ജു തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു. അതാണ് അദ്ദേഹം ഉദ്ദേശിച്ചത്' എന്ന് നമ്മുടെ മന്ത്രി പറയുന്നു. ഇല്ല സർ, അതല്ല ഞാൻ ഉദ്ദേശിച്ചത്," തരൂരിന്റെ പോസ്റ്റിൽ പറഞ്ഞു.

കോൺഗ്രസിന്റെ നിലപാട് ഊന്നിപ്പറഞ്ഞുകൊണ്ട് തരൂർ പറഞ്ഞു, തന്റെ പാർട്ടി എപ്പോഴും സ്ത്രീകളുടെ അവകാശങ്ങൾക്കും വനിതാ സംവരണത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട്. സോണിയ ഗാന്ധി പ്രസിഡന്റായിരിക്കെ വനിതാ സംവരണ ബിൽ അവതരിപ്പിച്ചിരുന്നു. രാജ്യസഭയിൽ അത് പാസാക്കുകയും ചെയ്തു. 2023-ൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നും തരൂർ പറഞ്ഞു.
വനിതാ സംവരണത്തിന് പൂർണ്ണ പിന്തുണയുണ്ടെന്നും, അതിനെ മണ്ഡലപുനർനിർണ്ണയവുമായി ബന്ധിപ്പിക്കാതെ ഉടനടി നടപ്പിലാക്കാൻ തയ്യാറാണെന്നും തരൂർ കൂട്ടിച്ചേർത്തു. 'ഞങ്ങൾ വനിതാ സംവരണത്തിന് പൂർണ്ണമായും അനുകൂലരാണ്, അതിനെ മണ്ഡലപുനർനിർണ്ണയവുമായി ബന്ധിപ്പിക്കാതെ ഉടനടി നടപ്പിലാക്കാൻ തയ്യാറുമാണ്,' തരൂർ കൂട്ടിച്ചേർത്തു.
വനിതാ സംവരണ ബില്ലിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം തുടരുന്നതിനിടെയാണ് ശശി തരൂർ എംപിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും തമ്മിലുള്ള വാഗ്വാദം. പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പറഞ്ഞുവെന്നാണ് കിരൺ റിജ്ജു നടത്തിയ പരാമർശം.
തരൂരുമായുള്ള സംഭാഷണത്തിൽ, താൻ സ്ത്രീവിരുദ്ധനല്ലെന്ന് തരൂർ സമ്മതിച്ചതായി മന്ത്രി പറഞ്ഞു. 'നിങ്ങളെ ആരും സ്ത്രീവിരുദ്ധനെന്ന് വിളിക്കില്ലെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ നിങ്ങളുടെ പാർട്ടി സ്ത്രീവിരുദ്ധമാണ്. ഒരു തരത്തിൽ അദ്ദേഹം എന്റെ വാക്ക് അംഗീകരിച്ചു, ഞാൻ അദ്ദേഹത്തിന്റെ വാക്കും അംഗീകരിച്ചു, എന്നാണ് റിജ്ജു പറഞ്ഞത്.
വനിതാ സംവരണ ബില്ലിന്മേൽ പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ച നിലപാടുകളുടെ പേരിൽ കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും ബിജെപി മുമ്പും സ്ത്രീവിരുദ്ധരെന്ന് ആരോപിച്ചിരുന്നു. ലോക്‌സഭയിൽ എൻഡിഎക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിൽ പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications