രാജീവ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കൊച്ചി: മന്ത്രി പി രാജീവ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് കളമശ്ശേരിയിലെ എം എല്‍ എ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കരുവന്നൂര്‍ ബാങ്കില്‍ പി രാജീവ് നിയമവിരുദ്ധമായി ഇടപെട്ടു എന്ന ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ശനിയാഴ്ച രാവിലെ പത്തരയോടെ പ്രകടനമായെത്തിയ നൂറോളം പ്രവര്‍ത്തകരെ ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

അതേസമയം കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിയമ വിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ ഡി പറയുന്നത്. കരുവന്നൂര്‍ ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
രാജീവ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തി എന്നാണ് മൊഴി. രാജീവിനെ കൂടാതെ മുന്‍ മന്ത്രിമാരായ എ സി മൊയ്തീന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരേയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. ഈ ഇടപാടുകളില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കാളികളാണെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.
അതേസമയം താന്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നാണ് രാജീവ് പറയുന്നത്. ഒരു ജില്ലയിലെ പാര്‍ട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളില്‍ ഇടപെടാറില്ല എന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലതും ഇനിയും വരുമെന്നുമായിരുന്നു രാജീവ് പറഞ്ഞത്.












Click it and Unblock the Notifications