
'ഹിന്ദി അറിയുന്നവർ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണം'; കെ.സിയ്ക്ക് ഒളിയമ്പുമായി കെ.മുരളീധരന്
കോഴിക്കോട്: എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെ കെ. മുരളീധരന് രംഗത്ത്. ഹിന്ദി അറിയാവുന്നവര്‍ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരണം. തനിക്ക് ഈ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തതെന്ന് കെ മുരളീധരന് പറഞ്ഞു.
കെ സി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന് കോൺഗ്രസ് നേതാവ് ഭൂപിന്ദർ ഹൂഡയുടെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ മുരളീധരന്റെ പ്രതികരണം. കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. ഹിന്ദി ദേശീയ ഭാഷയാണ്. അത് അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യമാണ്. ഉത്തരേന്ത്യയില്‍ ഹിന്ദി ഒരു പ്രധാന ഘടകമാണ്. രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും. ഇത്തരക്കാർ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ, ജെ ബി മേത്തറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടും മുരളീധരൻ പ്രതികരിച്ചു. രാജ്യസഭ സ്ഥാനാര്‍ഥിയായി കോണഗ്രസ് ജെബി മേത്തറെ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്റ് എടുത്തത് ഉചിതമായ തീരുമായാണ് കാണുന്നത്.
കെ പി സി സി അധ്യക്ഷൻ ആരുടെയും പേര് മുൻകൂട്ടി നൽകിയിരുന്നില്ല. എന്നാൽ, ഹൈക്കമാൻഡിന് അയച്ച കത്തിൽ താൻ രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. ഈ പറഞ്ഞ രണ്ടും കാര്യങ്ങളും ഹൈക്കമാൻഡ് പരിഗണിച്ചതായും മുരളീധരൻ വ്യക്തമാക്കി. രാജ്യസഭ തിരഞ്ഞെടുപ്പില്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുത്, കഴിഞ്ഞ തവണ മത്സരിപ്പിച്ച വരെ ഒഴിവാക്കണം, കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ആളാകണം എന്നുമായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
'എനിക്ക് കിട്ടിയത് വലിയ അംഗീകാരം'; 'കോൺഗ്രസ്സിന് നന്ദി'; 'ആരും തഴയപ്പെടേണ്ടവരല്ല'; - ജെബി പറയുന്നു
ന്യൂനപക്ഷം, ചെറുപ്പം, വനിത എന്നീ മൂന്ന് ഘടകങ്ങളും ഹൈക്കമാൻഡ് പരിഗണിച്ചുവെന്ന് മുരളീധരൻ വ്യക്തമാക്കി.അതേസമയം, കോൺഗ്രസ് സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട കാല ഘട്ടമാണിതെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. തെറ്റുകൾ ചൂണ്ടി കാണിക്കാം, പക്ഷേ കപിൽ സിബിലിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ഇന്നലെയാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മുരളീധരൻ എത്തിയത്. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിനെ പരിഗണിക്കാൻ ഇടയാക്കിയത്.
വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു. ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.