തരൂരിനെ കൈവിടില്ല കോൺഗ്രസ്; പാർലമെന്റ് സമിതി അദ്ധ്യക്ഷനായി ശുപാർശ ചെയ്തു
ദില്ലി: ശശി തരൂരിനെ പാർലമെന്ററി അദ്ധ്യക്ഷനാക്കാൻ ശുപാർശ ചെയ്ത് കോൺഗ്രസ്. പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേര് നിർദ്ദേശിച്ചത്. ലോക്സഭയിൽ കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തേ പാർലമെന്റ് ഐ ടി സമിതിയുടെ ചെയർമാനായിരുന്നു ശശി തരൂർ. അടുത്തിടെ അദ്ദേഹത്തെ പദവിയിൽ നിന്നും കേന്ദ്രസർക്കാർ നീക്കിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ജയിച്ചാലും പരാജയപ്പെട്ടാലും തരൂരിനെ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതി അംഗമാക്കാൻ നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ സോണിയ ഗാന്ധി അദ്ദേഹത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നായിരുന്നു കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ തരൂർ കടുത്ത നിലപാടിലേക്ക് പോകുന്ന സാഹചര്യമുണ്ടായാൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചരണം ശക്തമാക്കിയിരിക്കുകയാണ് തരൂരും മറ്റൊരു മല്ലികാർജ്ജുൻ ഖാർഗെയും.ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഖാർഗെ ഇപ്പോൾ പ്രചരണം നടത്തുന്നത്. തരൂരും ഉത്തർപ്രദേശിൽ തുടരുകയാണ്. ഇനി ഒരാഴ്ച മാത്രമാണ് തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത്. ഒക്ടോബർ 17 നാണ് തിരഞ്ഞെടുപ്പ്. രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. 19 നാണ് ഫലം പ്രഖ്യാപിക്കുക.
വാശിയേറിയ പോരാട്ടത്തിൽ ശശി തരൂരിന് എത്ര വോട്ടുകൾ കിട്ടുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. 9000 പേർക്കാണു കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഇതിൽ സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്ന് പോലും തരൂരിന് വോട്ട് വീഴുമോയെന്നതാണ് ചോദ്യം. ഇതിനോടകം തന്നെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചില യുവ നേതാക്കളും സോഷ്യൽ മീഡിയയിലെ അണികളുമാണ് തരൂരിന് പിന്നിൽ അണിനിരക്കുന്നത്. തരൂരിനായി പ്രവർത്തകർ ഒന്നടങ്കം രംഗത്തുണ്ടെങ്കിലും അവർക്കൊന്നും വോട്ടവകാശമില്ലാത്തത്തിനാൽ ഇത്തരം ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല.
അതിനിടെ ഹൈക്കമാന്റ് നിർദ്ദേശം തള്ളി ഖാർഗെയെ പിന്തുണയ്ക്കുന്ന പി സി സി നേതാക്കളുടെ നിലപാടിനെതിരെ തരൂർ ഹൈക്കമാന്റിന് രേഖമൂലം പരാതി നൽകിയിരുന്നു. മാത്രമല്ല വോട്ടർ പട്ടികയിൽ വിലാസമില്ലാത്ത മൂവായിരത്തോളം വോട്ടർമാരെ സംബന്ധിച്ചും തരൂർ ഹൈക്കമാന്റിനോട് ചോദ്യം ഉന്നയിച്ചിരുന്നു. നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്ന് ആവർത്തിക്കുകയാണ് തരൂർ.












Click it and Unblock the Notifications