കര്‍ട്ടന് പിന്നില്‍ ആര്? കോണ്‍ഗ്രസില്‍ ചോദ്യം, ആരും മിണ്ടരുത് എന്ന് കെപിസിസി, പോര് ശക്തം
കോണ്‍ഗ്രസില്‍ നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത്. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചോദ്യം ചെയ്ത് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ഒരാള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കണമെങ്കില്‍ കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട് എന്നായിരുന്നു മുരളീധരന്റെ വാക്കുകള്‍, കെസി വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് ഈ പ്രതികരണം എന്നും വിലയിരുത്തലുണ്ടായി.
രംഗം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാര്‍ പരസ്യപ്രതികരണം വേണ്ട എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. കെ സുധാകരനെ പിന്തുണച്ചാണ് അടൂര്‍ പ്രകാശ് സംസാരിച്ചത്. മാത്യു കുഴല്‍നാടനെ പിന്തുണച്ച് കെ സുധാകരനും രംഗത്തുവന്നു. പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ മാത്രം പറയാമെന്നും പരസ്യമായി പറയേണ്ടതില്ലെന്നും സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിലക്ക് ലംഘിച്ചാല്‍ വിഷയം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. അടൂര്‍ പ്രകാശിനെയും കെ സുധാകരനെയും പേരെടുത്തുപറയാതെയായിരുന്നു കെപിസിസി അധ്യക്ഷന്റെ താക്കീത്. തുടര്‍ച്ചയായ പ്രസ്താവനകള്‍ പരിധി വിട്ടതുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായി നിര്‍ദേശം നല്‍കേണ്ടിവന്നതെന്നും ഇത് എല്ലാവര്‍ക്കും ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമന്‍സ് നല്‍കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ ഭിന്നസ്വരം ശക്തമായത്. പിണറായിക്കെതിരേ സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് പുകച്ചുപുറത്തുചാടിച്ചതുപോലെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അടൂര്‍ പ്രകാശ് തുറന്നടിച്ചു.
സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ താന്‍ അറിയാറില്ലെന്നും പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെയാണ് മുഖ്യമന്ത്രി നയപരമായ തീരുമാനങ്ങളെടുക്കുന്നതെന്ന വികാരം പാര്‍ട്ടിക്കുള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എഐസിസിക്ക് പരാതി നല്‍കിയതായും അടൂര്‍ പ്രകാശ് വെളിപ്പെടുത്തി. പിണറായിക്കെതിരായ നടപടി മയപ്പെടുത്തിയത് ശരിയായില്ല എന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു.
അതേസമയം, ഇഡി റിപ്പോര്‍ട്ട്, ഹൈക്കോടതി ഇടപെടല്‍, പിന്നാലെ കേസെടുത്തത്, വിജിലന്‍സ് അന്വേഷണം എന്നീ കാര്യങ്ങള്‍ സണ്ണി ജോസഫ് വിശദീകരിച്ചു. സര്‍ക്കാര്‍ നടപടിയില്‍ വീഴ്ചയില്ലെന്നും അദ്ദേഹം അക്കമിട്ടു നിരത്തി. അടൂര്‍ പ്രകാശും കെ സുധാകരനും മാത്യു കുഴല്‍നാടനുമെല്ലാം ഒരേ സ്വരത്തില്‍ സംസാരിക്കുന്ന വേളയിലാണ് കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട് എന്ന് കെസി വേണുഗോപാലിനെ ലക്ഷ്യമിട്ട് കെ മുരളീധരന്‍ പറയുന്നത്. പരസ്യവിമര്‍ശനം തടഞ്ഞ് രംഗം ശാന്തമാക്കാനുള്ള നീക്കം വിജയിക്കുമോ എന്ന കാര്യം സംശയമാണ്.


Click it and Unblock the Notifications
