യാതൊരു തർക്കങ്ങളും ഇല്ലാതെയാണ് കർണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കുന്നത്: കെ സുധാകരന്‍
ബെംഗളൂരു: ഏറെ നാള്‍ നീണ്ടു നിന്ന ചർച്ചകള്‍ക്കൊടുവില്‍ കർണാടകയുടെ നിയുക്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ടായിരുന്ന കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ പ്രധാനവകുപ്പുകളോടെ ഉപമുഖ്യമന്ത്രിയുമാവും. ചർച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ തീരുമാനം വന്നതോടെ അഭിനന്ദിച്ച് കെ സുധാകരനും ടി സിദ്ധീഖും രംഗത്ത് വരികയും ചെയ്തു.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കുറിച്ചത്.
കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ ഒത്തൊരുമ പ്രകടമാക്കുന്ന വിധമാണ് വളരെ പെട്ടെന്ന് തന്നെ മന്ത്രിസഭ അധികാരമേൽക്കുന്നത്. വ്യക്തികേന്ദ്രീകൃതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ബിജെപിയും സിപിഎമ്മും പോലുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദിവസങ്ങളും ആഴ്ചകളും എടുക്കുമ്പോളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വളരെ പെട്ടെന്ന് തന്നെ യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലാതെ മന്ത്രിസഭ രൂപീകരണത്തിലേക്ക് കടക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും അഭിവാദ്യങ്ങളെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

അതേസമയം. ഡികെ ശിവകുമാറിന്റെ വാക്കുകളായിരുന്നു ടി സിദ്ധീഖ് ഫേസ്ബുക്കില്‍ കുറിച്ചത്. കര്‍ണാടകയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. പാര്‍ട്ടി തീരുമാനം എന്തായിരുന്നാലും അതിന്റെ പേരില്‍ പിന്നില്‍ നിന്ന് കുത്താനോ മെയില്‍ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും ടി സിദ്ധീഖ് വ്യക്തമാക്കുന്നു.
'പാര്‍ട്ടി എന്റെ ദൈവമാണ്. ഞങ്ങള്‍ പടുത്തുയര്‍ത്തിയതാണ് ഈ പാര്‍ട്ടി. ഞാനതിന്റെ ഒരു ഭാഗമാണ്. ഒരു അമ്മ അതിന്റെ കുഞ്ഞിന് എല്ലാം നല്‍കും. സോണിയ ഗാന്ധിയാണ് ഞങ്ങളുടെ റോള്‍ മോഡല്‍. കോണ്‍ഗ്രസ് എല്ലാവരുടേയും കുടുംബമാണ്. നമ്മുടെ ഭരണഘടന പ്രധാനമാണ്. അതുകൊണ്ട് തന്നെ എല്ലാവരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.
ലോക്‌സഭയില്‍ 20 സീറ്റുകള്‍ നേടുക എന്നതാണ് തങ്ങളുടെ അടുത്ത വെല്ലുവിളിയെന്നും ഡി കെ ശിവകുമാര്‍. "ഞങ്ങൾ കോൺഗ്രസുകാർക്ക് ഇതൊരു തുടക്കമാണു. 2024 ലോക്സഭ തിരഞ്ഞെടുപ്പാണു ഏറ്റവും പ്രാധാന്യമുള്ളത്. അതിനുള്ള ഒരുക്കങ്ങളാണു പാർട്ടി ചെയ്യുന്നത്. ദയവ് ചെയ്ത് മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്."- എന്നും ഡികെ ശിവകുമാർ പറഞ്ഞതായി ടി സിദ്ധീഖ് കുറിച്ചു.












Click it and Unblock the Notifications