കർണാടക കോൺഗ്രസ് തന്നെ പിടിക്കും, 119 വരെ സീറ്റുകൾ നേടും..പക്ഷെ ഡികെയ്ക്ക് തിരിച്ചടി, സർവ്വേ
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. ബിജെപി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് ഭരണത്തിലേറുമെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. പുറത്ത് വന്ന അഭിപ്രായ സർവ്വേകളിൽ ഏറെയും കോൺഗ്രസിനാണ് സാധ്യത കൽപ്പിക്കുന്നത്.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വന്ന എബിപി-സി വോട്ടർ സർവ്വേയും കർണാടക കോൺഗ്രസ് ഭരിക്കുമെന്ന് പ്രവചിക്കുന്നു. വിശദമായി വായിക്കാം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 108 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാൽ ഇക്കുറി ബിജെപി സീറ്റപകൾ 74-86 ൽ ഒതുങ്ങുമെന്നാണ് സർവ്വേ പറയുന്നത്. കോൺഗ്രസിന് 119 സീറ്റുകൾ വരേയും സർവ്വേ പ്രവചിക്കുന്നു. ജെഡിഎസിന് 23 മുതൽ 35 സീറ്റുകൾ വരേയാണ് സാധ്യത കൽപ്പിക്കുന്നത്.
കോൺഗ്രസിനേക്കാൾ വോട്ട് വിഹിതത്തിൽ 5 ശതമാനം കുറവായിരിക്കും ബിജെപിക്കെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. കോൺഗ്രസിന് 40 ശതമാനവും ബിജെപിക്ക് 35 ശതമാനവുമാണ് പ്രവചനം. ജെഡിഎസിന് 17 ശതമാനം വോട്ടുകൾ നേടാനാകുമെന്നും സർവ്വേ പറയുന്നു.
32 സീറ്റുകൾ ഉള്ള ബെംഗളൂരു മേഖലയിൽ കോൺഗ്രസ് ആധിപത്യം നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. പാർട്ടിക്ക് 43 ശതമാനം വോട്ടും 15-19 സീറ്റുകളും ലഭിക്കുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് 36 ശതമാനം വോട്ട് വിഹിതവും 11 മുതൽ 15 സീറ്റുവരേയും സാധ്യത കൽപ്പിക്കുന്നു.
മൈസൂർ മേഖലയിൽ ജെ ഡി എസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. 29 സീറ്റ് വരെ ജെഡിഎസിന് സാധ്യത പറയുനന്ു. കോൺഗ്രസിന് 21 -25 സീറ്റ് വരേയാണ് സാധ്യത. അതേസമയം ബിജെപിക്കാകട്ടെ ഇത്തവണയും കാര്യമായ ചലനങ്ങൾ മേഖലയിൽ ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 3-7 വരെ സീറ്റുകളാണ് ബിജെപിക്ക് ഇവിടെ പ്രവചിക്കുന്നത്.
മധ്യ കർണാടക മേഖലയിൽ കോൺഗ്രസിന് 19-23 സീറ്റുകളും ബിജെപിക്ക് 12-16 സീറ്റുകളും പ്രവചിക്കുന്നു. തീര ദേശ മേഖലയിൽ ബിജെപിക്ക് തന്നെയാകും ആധിപത്യം എന്നാണ് സർവ്വേ പ്രവചനം. 16 മുതൽ 19 വരെ സീറ്റുകളാണ് സാധ്യത പറയുന്നത്. കോൺഗ്രസിന് മൂന്ന് മുതൽ 5 വരേയും.
മുംബൈ കർണാടക മേഖലയിൽ കോൺഗ്രസിന് 26-30, ബി ജെ പി 20-24 ജെ ഡി എസ്-1 എന്നിങ്ങനേയും ഹൈദരാബാദ്-കർണാടക മേഖലയിൽ ബിജെപിക്ക് 8-12 സീറ്റും കോൺഗ്രസിന് 19-23 സീറ്റുമാണ് സർവ്വേ പറയുന്നത്.
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പ്രവർത്തനം വളരെ മോശമാണെന്നാണ് സർവ്വേയിൽ പങ്കെടുത്ത 52 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 29 ശതമാനം പേർ നല്ലതെന്നും 19 ശതമാനം പേർ ശരാശരിയെന്നും പപറയുന്നു.
ബൊമ്മൈക്കെതിരേയും കടുത്ത ജനവികാരമാണ് സർവ്വേയിൽ വ്യക്തമായത്. 51 ശതമാനം പേരും മോശമാണെന്ന അഭിപ്രായം പങ്കിട്ടപ്പോൾ 24 ശതമാനം പേർ മാത്രമല്ല നല്ലതെന്ന് അഭിപ്രായപ്പെട്ടത്.അതേസമയം സംസ്ഥാനത്ത് മോദിക്ക് അനുകൂലമായ തരംഗം ഉണ്ടെന്നാണ് സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്. 49 ശതമാനം പേരും പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രവർത്തനം മികച്ചതാണെന്ന് വിലയിരുത്തുന്നു. 33 ശതമാനം പേർ മോശമെന്ന അഭിപ്രായവും പങ്കുവെച്ചു.
അടുത്ത സർക്കാരിനെ സിദ്ധരാമയ്യ നയിക്കണമെന്ന അഭിപ്രായമാണ് സർവ്വേയിൽ പങ്കെടുത്ത 41 ശതമാനം പേരും പങ്കുവെച്ചത്. അതേസമയം ഡികെ ശിവകുമാറിന് 3 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ബൊമ്മൈയ്ക്ക് 31 ശതമാനം പേരും എച്ച് ഡി കുമാരസ്വാമിക്ക് 22 ശതമാനം പേരും പിന്തുണ നൽകി.












Click it and Unblock the Notifications