Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുക്കം ഹൈക്കമാന്‍ഡ് വാളെടുത്തു; മുട്ടുമടക്കുമോ ഉമ്മന്‍ ചാണ്ടി?

ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്‍ഡിന്റെ അന്ത്യശാസനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന തിയതി അറിയിക്കണമെന്നും നിര്‍ദേശം.

തിരുവനന്തപുരം: ഡിസിസി അധ്യക്ഷമാരെ തെരഞ്ഞെടുത്തതില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി തുടരുന്ന നിസഹകരണത്തിനെതിരെ ഹൈക്കമാന്‍ഡിന്റെ അന്ത്യശാസനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പുകയുന്ന പടല പിണക്കം ഹൈക്കമാന്‍ഡിന്റെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയോടുള്ള താക്കീതും.

ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതില്‍ ഗ്രൂപ്പ് സമയവായം പരിഗണിച്ചിരുന്നില്ല. ഇതിനെ തലമുറമാറ്റം എന്ന് കരുതി പുതു തലമുറ സ്വാഗതം ചെയ്തപ്പോള്‍ സ്ഥാനം നഷ്ടപ്പെട്ട പഴയ തലമുറ അസ്വസ്ഥരായി. അതിന്റെ പ്രതിഫലമായിരുന്നു കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍. പൊട്ടിത്തെറികള്‍ കേരളത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പിനെ ബാധിക്കും എന്ന തിരിച്ചറിവാണ് മുണ്ടു മടക്കിക്കുത്തി കേരളത്തിലേക്കെത്താന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ച ഘടകം.

കേരളത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന പ്രധാന നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ്. ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് പുത്തന്‍ തീരുമാനം കടുപ്പിച്ച് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തത്തിനു മുന്നില്‍ മുട്ടുമടക്കാത്ത ഹൈക്കമാന്‍ഡിനു മുന്നില്‍ ഉമ്മന്‍ ചാണ്ടി മുട്ടുമടക്കുമോ എന്നതു കാത്തിരുന്നു കാണാം.

ശാരീരിക അസ്വസ്ഥതകള്‍

താന്റെ ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. നിരവധി തവണ രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ വിളിച്ചെങ്കിലും അന്നെല്ലാം ഇതേ കാരണം പറഞ്ഞ് ഉമ്മന്‍ ചാണ്ടി പിന്മാറി. എന്നാല്‍ ശാരീരിക അസ്വസ്ഥതയുടെ പേരില്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്ന ഉമ്മന്‍ ചാണ്ടി മറ്റ് മീറ്റിങ്ങുകളില്‍ സജീവമായി പങ്കെടുക്കുന്ന കാര്യം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

സുധീരന്റെ പരാതി

ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണം കാരണമാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത് വൈകുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. വിഎം സുധീരന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന് സൗകര്യപ്രദമായ ഒരു തിയതി അറിയിച്ചിരുന്നില്ല. പല തിയിതകള്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെങ്കിലും അനുകൂല സമീപനമല്ല ഉണ്ടാകുന്നതെന്ന മുകുള്‍ വാസ്‌നികിന് സുധീരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഏറ്റവും ഒടുവില്‍ ജനുവരി നാലാം തിയതി സൗകര്യമുണ്ടോ എന്നും സുധീരന്‍ തിരക്കിയിരുന്നു. അപ്പോഴും ആരോഗ്യകാരണങ്ങളാണ് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചത്. ഇക്കാര്യവും സുധീരന്റെ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു.

ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കെടുക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. സൗകര്യമുള്ള തിയതി ഉമ്മന്‍ ചാണ്ടിക്ക് തീരുമാനിക്കാം. ഈ തീരുമാനം വിഎം സുധീരന്‍ കത്ത് മുഖേന ഉമ്മന്‍ ചാണ്ടിയെ അറിയിക്കും. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കായി അനന്തകാലം കാത്തിരിക്കാനാകില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

അവസാന തിയതി 15

വരുന്ന 15ാം തിയതിക്കകം ഉമ്മന്‍ ചാണ്ടി സൗകര്യം അറിയിച്ചില്ലെങ്കില്‍ പരസ്യമായി തിയതി പ്രഖ്യാപിച്ച് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് ചേര്‍ക്കാനുള്ള അനുവാദം ഹൈക്കമാന്‍ഡ് സുധീരന് നല്‍കിക്കഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകന്‍ വിആര്‍ സഭാപതി കാര്യങ്ങള്‍ അനൗപചാരികമായി ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കടുപിടുത്തം ഹൈക്കമാന്‍ഡിനു മുന്നില്‍ അഴയുമോ എന്ന് വരും ദിനങ്ങളില്‍ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+