രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക്
വയനാട് ദുരന്തബാധിതർക്ക് വേണ്ടി പിരിച്ച പണത്തിൻ്റെ കണക്ക് പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി തോമസ് ഐസക്. കോൺഗ്രസ് പിരിച്ചെടുത്ത തുകയിൽ വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് സതീശന് അറിവുണ്ടായിരുന്നിട്ടും രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടൽ നാടകം നടത്തിയത് എന്തിനാണെന്ന് തോമസ് ഐസക് ചോദിച്ചു. യഥാർത്ഥത്തിൽ എത്രപണമാണ് കോണ്‍ഗ്രസ് പിരിച്ചതെന്ന ചോദ്യവും ഐസക് ഉയർത്തി. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
'പ്രതിപക്ഷ പാർടി തെരഞ്ഞെടുപ്പിൽ അഴിമതിക്ക് പ്രതിക്കൂട്ടിലാകുന്നത് അപൂർവ്വമാണ്. അത്തരമൊരു ആപ്പിലാണ് കോൺഗ്രസ്. ആറ് മാസത്തിനുള്ളിൽ വീട് പണിതുകൊടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രശ്നം സമരിയാക്കാനാണ് കെ.സി. വേണുഗോപാലിന്റെ ശ്രമം. നിങ്ങൾ എഐസിസി ഫണ്ട് എടുത്ത് വീട് നിർമ്മിച്ചുകൊടുത്താലും ചോദ്യങ്ങൾ അവശേഷിക്കും. എന്തുകൊണ്ട് നിലപാടുകൾ ദിവസംതോറും മറ്റേണ്ടിവരുന്നു? എത്ര കോടി പിരിച്ചു? 5.38 കോടി രൂപയുടെ കണക്കല്ലേ പുറത്തുവന്നിട്ടുള്ളൂ. ബാക്കി തുകയ്ക്ക് എന്ത് സംഭവിച്ചു?

⚫️ 2024 ജൂലൈ 30-ന് വയനാട് ദുരന്തം. ആഗസ്റ്റ് ആദ്യം വി.ഡി. സതീശൻ 100 വീടുകൾ പണിതുകൊടുക്കുമെന്ന് പ്രഖ്യാപിക്കുന്നു.
⚫️ ആഗസ്ത് 21-ന് കോൺഗ്രസ്, 'സ്റ്റാൻഡ് വിത്ത് വയനാട്' എന്ന പേരിൽ ആപ്പുണ്ടാക്കി പിരിവ് തുടങ്ങി. ഉദ്ഘാടകൻ രാഹുൽ ഗാന്ധി.
⚫️ ഡിസംബറിൽ വി.ഡി. സതീശൻ സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ പ്രതിഷേധിക്കുന്നു. 100 വീടുകൾ കർണ്ണാടക സർക്കാർ നൽകുമെന്ന് അറിയിക്കുന്നു. അങ്ങനെ 400 വീടുകളിൽ പകുതി കോൺഗ്രസിന്റെ വക. പിന്നെ പിരിവ് ഒഴികെ ബാക്കിയൊന്നും ഒരു വർഷത്തേക്ക് നടന്നില്ല.
⚫️ 2025 മാർച്ച് 27-ന് സർക്കാർ പദ്ധതിയായ ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടുന്നു. എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നിയമ തർക്കങ്ങൾ കോടതിയിൽ തീർപ്പാക്കുന്നതിനുള്ള കാലതാമസത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ടൗൺഷിപ്പ് നിർമ്മാണം ഊലാളുങ്കലിനെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചു. എന്നാൽ തങ്ങളുടെ 100 വീടുകൾക്കായി കോൺഗ്രസ് ഒന്നും ചെയ്തില്ല.
⚫️ 2026 ഫെബ്രുവരി 10-ന് വി.ഡി. സതീശൻ കോൺഗ്രസ് മേപ്പാടിയിൽ ഭൂമി വാങ്ങിക്കൊണ്ടിരിക്കുന്നത് വെളിപ്പെടുത്തുന്നു. സർക്കാർ ഭൂമി വാങ്ങാൻ ഒന്നരവർഷം എടുത്തപ്പോൾ കോൺഗ്രസ് നാല് മാസംകൊണ്ട് ഭൂമി വാങ്ങിയെന്നു പറഞ്ഞ് സർക്കാരിനെ കളിയാക്കുന്നു.
⚫️ ഫെബ്രുവരി 27-ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് മേപ്പാടിയിലെ ഭൂമിയിൽ വീട് നിർമ്മാണത്തിനുള്ള തറക്കല്ലിടുന്നു. സർക്കാർ പുനരധിവാസ ടൗൺഷിപ്പിലെ 178 വീടുകളുടെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് 1-ന് നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ തറക്കല്ലിടലെന്നു വ്യക്തം.
⚫️ മാർച്ച് 26-ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെ.സി. വേണുഗോപാൽ ഒരു പ്രസ്താവന നടത്തുന്നു- യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുക മുണ്ടകൈ-ചൂരൽമല വീടുകളുടെ പൂർത്തീകരണമായിരിക്കും.
⚫️ മാർച്ച് 28-ന് വയനാട് സ്ഥലം വാങ്ങി വീടുകളുടെ പണി തുടങ്ങിയെന്ന് വി.ഡി. സതീശൻ.
⚫️ ഏപ്രിൽ 1-ന് വീട് പണിതു പ്രൊജക്ട് പൂർത്തിയാക്കിയശേഷമേ ദുരിതാശ്വാസ ഫണ്ട് ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ കഴിയൂവെന്ന് സതീശൻ വ്യക്തമാക്കുന്നു. എന്നു മാത്രമല്ല, കാസർഗോഡ് നടന്ന പത്രസമ്മേളനത്തിൽ ഭൂമി വാങ്ങിയതോടെ ഫണ്ട് തീർന്നൂവെന്ന് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് സതീശൻ കയർക്കുന്നു.
⚫️ ഏപ്രിൽ 4-ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 5.38 കോടി രൂപയാണ് ആകെ പിരിച്ചെടുത്ത തുകയെന്നും 6.18 കോടി രൂപ ഭൂമി വാങ്ങുന്നതിനും ആപ്പ് ഉണ്ടാക്കുന്നതിനും ചെലവായിയെന്നും പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നു. വീട് പണിയാൻ കോൺഗ്രസിന്റെ ദുരിതാശ്വാസ ഫണ്ടിൽ ബാക്കിയൊന്നും ഇല്ലായെന്നും അറിയിക്കുന്നു.
⚫️ ഏപ്രിൽ 5-ന് വി.ഡി. സതീശന്റെ ട്വീറ്റ്: "വയനാട് ഫണ്ട് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഇതിനകം പൊതുമണ്ഡലത്തിലുണ്ട്. കെപിസിസി, എഐസിസി ഫണ്ടുകൾ ഉപയോഗിച്ച് വീടുകൾ പണിയും. ഇനി പ്രത്യേക ഫണ്ട് ശേഖരണമില്ല. എന്നിട്ടും സിപിഐ(എം) നുണകൾ പ്രചരിപ്പിക്കുകയാണ്."
വി.ഡി. സതീശന് ഇങ്ങനെ ഒളിച്ചോടാൻ പറ്റില്ല. താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് മറുപടി തന്നേ തീരൂ.
❓1. 100 വീടുകൾ പണിയുമെന്നല്ലേ ആദ്യം വാഗ്ദാനം ചെയ്തത്. നിങ്ങളെ വിശ്വസിച്ച് 15 ലക്ഷം രൂപയും വാങ്ങി സർക്കാരിന്റെ സ്കീമിൽ നിന്നു പിൻവാങ്ങിയ ഹതഭാഗ്യർ എന്ത് ചെയ്യണം? എംഎൽഎ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ച ശ്രുതി അടക്കം ഇനി എന്ത് ചെയ്യണം?
❓2. കോൺഗ്രസ് പിരിച്ചെടുത്ത തുകയിൽ വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് സതീശന് അറിവുണ്ടായിരുന്നല്ലോ. എന്നിട്ടും എന്തിനാണ് രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടൽ നാടകം നടത്തിയത്?
❓3. തറക്കല്ലിട്ട പ്ലോട്ടിൽ വീടുകളുടെ പണി നടക്കുന്നുവെന്ന് പിന്നീട് കള്ളം പറഞ്ഞത് എന്തിന്? വീട് വയ്ക്കുന്നതിന് പെർമിറ്റ് അപേക്ഷ പോലും കൊടുക്കാതെ പണി നടക്കുന്നുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്?
❓4. ആപ്പ് എവിടെ എന്ന ചോദ്യം വന്നപ്പോൾ, ആവശ്യത്തിന് പണം കിട്ടിക്കഴിഞ്ഞതിനാൽ പിരിവ് നിർത്തി എന്നും സതീശൻ നേരത്തേ പറഞ്ഞിട്ടില്ലേ? രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടി മാത്രമേ കിട്ടിയുള്ളൂവെന്ന് പറഞ്ഞാൽ നാണക്കേടല്ലേ? ആപ്പ് വഴി ശേഖരിച്ച പണവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ വെളിപ്പെടുത്താമോ?
❓5. ആപ്പിന് പുറത്ത് സംഭാവന നൽകിയവരുടെ എത്രയോ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. പ്രവാസി സംഘടനകളും, മറ്റു സംസ്ഥാന ഘടകങ്ങളും സർവീസ് സംഘടനകളും സംഭവാന നൽകി. അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎയും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും ഒരു കോടി രൂപ വീതം നൽകി എന്ന് വാർത്ത വന്നിരുന്നു. അതൊക്കെ എവിടെപ്പോയി?
❓6. ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ? പറയൂ, ആപ്പിലൂടെയും അല്ലാതെയും എത്ര കോടി രൂപയാണ് യഥാർത്ഥത്തിൽ പിരിച്ചത്?
കോൺഗ്രസ് ഇന്ന് അഴിമതിക്കൂട്ടിലാണ്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികൾ അധികാരത്തിൽവന്നാൽ ഈ സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിക്കും'












Click it and Unblock the Notifications