കേരള കോണ്‍ഗ്രസ് എമ്മിനെ ക്ഷണിച്ച് കോണ്‍ഗ്രസ്, 'അന്‍വറിനെ അസോസിയേറ്റഡ് അംഗമാക്കും'
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് തിരികെ വിളിച്ച് കോണ്‍ഗ്രസ്. യു ഡി എഫ് വിട്ടവര്‍ മടങ്ങി വരണം എന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. മാറി ചിന്തിക്കണം എന്നും ഇതാണ് ഉചിതമായ സമയം എന്നും സണ്ണി ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിനോട് പറഞ്ഞു. തീരുമാനമെടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എമ്മാണ് എന്നും അദ്ദേഹം പറഞ്ഞു.
'ജനവിധിയും ജനവികാരം എവിടെയാണ് എന്ന് വിലയിരുത്തേണ്ട സമയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടായി. അത് പക്ഷെ വേറെ പാറ്റേണാണ്. എപ്പോഴും കേരളത്തിലെ ജനങ്ങള്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന് വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷെ എല്ലാ അസംബ്ലി തിരഞ്ഞെടുപ്പും യുഡിഎഫ് ജയിച്ചു. ചേലക്കര പോലും എല്‍ഡിഎഫ് എത്ര കണ്ട് പിറകോട്ട് പോയി,' അദ്ദേഹം പറഞ്ഞു.

'തൃക്കാക്കരയും പാലക്കാടും നിലമ്പൂരും ജയിച്ചല്ലോ. ചിന്തിക്കേണ്ടവര്‍ ചിന്തിക്കട്ടെ. ജനകീയ അടിത്തറ വികസിപ്പിക്കും എന്നാണ് ഞങ്ങള്‍ പറഞ്ഞത്. വികസിപ്പിച്ചു. അന്‍വര്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നമ്മള്‍ ഇനി അക്കാര്യത്തില്‍ ചര്‍ച്ച നടത്തി. അന്‍വറിനെ അസോസിയേറ്റഡ് അംഗമാക്കും. അതില്‍ യുഡിഎഫ് തീരുമാനമെടുക്കും,' കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീന മേഖലയായ കോട്ടയത്തും ഇടുക്കിയിലും യു ഡി എഫ് മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയം ജില്ലയിലെ ആറ് നഗരസഭകളിലും പതിനൊന്നില്‍ ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ജില്ലാ പഞ്ചായത്തിലും ഭരണത്തിലേറി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയില്ലാതെ തന്നെ കോട്ടയം യുഡിഎഫ് കോട്ടയാണെന്ന് തെളിയിക്കാനയതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനെ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പ്രതീക്ഷിക്കുന്നു എന്നതാണ് സണ്ണി ജോസഫിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ 23-ല്‍ 16 സീറ്റുകള്‍ നേടി ആധികാരിമായാണ് യുഡിഎഫിന്റെ വിജയം. എല്‍ഡിഎഫ് ആറ് സീറ്റില്‍ ഒതുങ്ങി.
മുന്‍സിപാലിറ്റികളില്‍ യുഡിഎഫിനാണ് വ്യക്തമായ മുന്‍തൂക്കം. ഏറ്റുമാനൂര്‍, കോട്ടയം, ഇരാറ്റുപേട്ട മുന്‍സിപാലിറ്റികളില്‍ യുഡിഎഫ് ഭരണം പിടിച്ചു. പാലയിലും ചങ്ങനാശ്ശേരിയിലും വൈക്കത്തും സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം എന്ന സ്ഥിതിയാണ്. കോട്ടയം നഗരസഭയില്‍ 53 ല്‍ 31 എണ്ണത്തില്‍ വിജയിച്ചാണ് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്. എല്‍ഡിഎഫ് 15 സീറ്റില്‍ വിജയിച്ചപ്പോള്‍ ആറ് സീറ്റില്‍ ബിജെപിയും വിജയിച്ചു.












Click it and Unblock the Notifications