ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് തന്നെയെന്ന് പിടി തോമസ്
തൊടുപുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലം കോണ്‍ഗ്രസിന് തന്നെ ആയിരിക്കുമെന്ന് സിറ്റിങ് എംപി പിടി തോമസ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൃത്യസമയത്ത് തന്നെ തീരുമാനമെടുക്കുമെന്നും പിടി തോമസ് തൊടുപുഴയില്‍ പറഞ്ഞു.
ഇടുക്കി മണ്ഡലത്തില്‍ താന്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെന്നും പിടി തോമസ് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് താന്‍ ഇപ്പോള്‍ തന്നെ പ്രചാരണത്തിന്റെ കാല്‍ ഭാഗത്തോളം പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും പിടി തോമസ് അവകാശപ്പെട്ടു.

ഇടുക്കി സീറ്റിനെ ചൊല്ലി യുഡിഎഫിലും കേരള കോണ്‍ഗ്രസിലും വിവാദം പുകഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും അവകാശവാദവുമായി പിടി തോമസ് രംഗത്തെത്തുന്നത്. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് സൗഹൃദ മത്സരത്തിനായി രംഗത്തുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
പിന്നീട് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഇക്കാര്യം തിരുത്തിയെങ്കിലും കേരള കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. കുറേ കാലമായി നിശബ്ദത പാലിച്ചിരുന്ന ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് വീണ്ടും രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫ്രാന്‍സിസ് ജോര്‍ജ്ജിനും ഇടുക്കി ബിഷപ്പിനും ഒടുവില്‍ പിടി തോമസിനും എതിരായി ജോര്‍ജ്ജ് പ്രസ്താവനയിറക്കിയിട്ടുണ്ട്. പിടി തോമസിനോട് കഴിഞ്ഞ തവണ തോറ്റ ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടി ഇടുക്കി സീറ്റ് ആവശ്യപ്പെടുന്നത് ധാര്‍മികതയുടെ പ്രശ്‌നമാണെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടി വാദിച്ച് ബിഷപ്പ് വില കളഞ്ഞുവെന്നും ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പിസി തോമസ് മത്സരിച്ചാല്‍ തോല്‍ക്കുമെന്നും ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications