കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ക്ഷണിതാവ് മാത്രം; അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം:കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തനിക്ക് ഇപ്പോൾ ലഭിച്ചത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്ന് ചെന്നിത്തല പറഞ്ഞു.പ്രവർത്തക സമിതി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇടം നേടാനുള്ള ചരടുവലികൾ ചെന്നിത്തല നേരത്തേ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല. എന്നാൽ കേരളത്തിൽ നിന്നും പുതുതായി ശശി തരൂരിനെയാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. തരൂരിനെ കൂടാതെ എകെ ആന്റണിയേയും കെസി വേണുഗോപാലിനേയും നിലനിർത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് പ്രത്യേക ക്ഷണിതാവായിട്ടാണ് ഉൾപ്പെടുത്തിയത്.

നേരത്തേ ശശി തരൂരിനെ ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.എന്നാൽ തരൂരിനെ ഒഴിവാക്കിയാൽ അനാവശ്യ ചർച്ചകൾക്ക് വഴിവെച്ചേക്കും. ഈ സാഹചര്യത്തിലാണ് തരൂരിനെ ഉൾപ്പെടുത്തുകയും ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിൽ പ്രതികരിച്ച് ശശി തരൂർ രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ 138 വർഷമായി പാർട്ടിയെ നയിക്കുന്നതിൽ കോൺഗ്രസ് പ്രവർത്തക സമിതി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ സമിതി അംഗമാക്കിയതിൽ താൻ നന്ദി അറിയിക്കുന്നു. പാർട്ടിക്ക് വേണ്ടി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന സഹപ്രവർത്തകർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഉറ്റുനോക്കുകയാണ്. പാർട്ടിയുടെ ജീവവായു ആയ ലക്ഷണക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവർത്തകരെ കൂടാതെ നമ്മുക്ക് ഒന്നം നേടാനാകില്ല. അവരേയും ഞാൻ വണങ്ങുന്നു', തരൂർ പറഞ്ഞു.












Click it and Unblock the Notifications