മാറ്റമില്ല, നയിക്കാന്‍ സോണിയ ഗാന്ധി തന്നെയെന്ന് പ്രവർത്തക സമിതി: നിരാശരായി ജി-23 നേതാക്കള്‍
ദില്ലി: സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരാന്‍ പ്രവർത്തക സമിതിയുടെ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേർന്ന നാലര മണിക്കൂർ നീണ്ട യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം . ദയനീയ തോൽവി കണക്കിലെടുത്ത് നേതൃമാറ്റമെന്ന് ആവശ്യം പാർട്ടിയില്‍ ശക്തിപ്പെടുത്ത് വരുന്നതിനിടെയാണ് സോണിയ തന്നെ തുടരട്ടേയെന്ന തീരുമാനത്തിലേക്ക് പാർട്ടിയെത്തിയത്.
"പ്രവർത്തക സമിതി ശ്രീമതി സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഏകകണ്ഠമായി ഉറപ്പിച്ചുപറയുകയും, സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കാനും ആവശ്യമായ ഫലം നൽകാനും കോൺഗ്രസ് അധ്യക്ഷയോട് അഭ്യർത്ഥിക്കുന്നു''- യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചതിന് ശേഷം സംഘടനാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ "ചിന്തൻ ശിവിർ" നടത്തുമെന്നും പാർട്ടി അറിയിച്ചു.

50-ലധികം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസിന്റെ എംഎൽഎമാരുടെയും എംപിമാരുടെയും ആകെ അംഗബലത്തെ മറികടക്കുന്ന ഒരു സംഖ്യയാണ് ഇതെന്നതാണ് കൌതുകം. കോൺഗ്രസിന്റെ തോൽവിയുടെ വ്യാപ്തി, സംഘടനാപരമായ മാറ്റങ്ങൾക്കും ഉത്തരവാദിത്തമുള്ള നേതൃത്വത്തിനും വേണ്ടിയുള്ള ആവശ്യങ്ങൾ ജി-23 നേതാക്കള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു.
2019ലെ തുടർച്ചയായ രണ്ടാം ദേശീയ തെരഞ്ഞെടുപ്പു തോൽവിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും രാഹുൽഗാന്ധി തന്നെയാണ് പല തീരുമാനങ്ങളും എടുക്കുന്നത്. പഞ്ചാബില്‍ ഉള്‍പ്പടെ അദ്ദേഹം എടുത്ത പല തീരുമാനങ്ങളും തെറ്റിയെന്നും അതിനാല്‍ നെഹ്രു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ നയിക്കാന്‍ വരട്ടേയെന്നുമാണ് ജി-23 നേതാക്കളുടെ വികാരം.
57 നേതാക്കളെയായിരുന്നു ലോകത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ നാല് പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി, മറ്റു രണ്ടു നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കി. 89കാരനായ മന്‍മോഹന്‍ സിങിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതാണ് അദ്ദേഹം വിട്ടുനില്‍ക്കാന്‍ കാരണം. പാര്‍ട്ടിയുടെ പാര്‍ലമെന്ററി കമ്മിറ്റി യോഗം ഇന്ന് രാവിലെ നടന്നിരുന്നു. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ എടുക്കേണ്ട നിലപാട് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രവര്‍ത്തക സമിതി യോഗത്തിന് തൊട്ടു മുമ്പ് ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ടില്ല. മന്ത്രിമാരുമായിട്ടില്ല. കോണ്‍ഗ്രസിലെ ഐക്യത്തിന്റെ പ്രതീകമാണ് ഗാന്ധി കുടുംബം. ഇത് എല്ലാവരും മനസിലാക്കണമെന്നുമായിരുന്നു അശോക് ഗെഹ്ലോട്ട് പറഞ്ഞു.












Click it and Unblock the Notifications