പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കിയത് മാനസിക സംഘര്‍ഷമുണ്ടാക്കി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: എ ഐ സി സി പ്രവർത്തക സമിതി അംഗത്വം നിഷേധിക്കപ്പെട്ടതിലെ അതൃപ്തി പരസ്യമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കിയത് മാനസിക സംഘര്‍ഷമുണ്ടാക്കി. പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
സമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണ്. ഒരു സാധാരണ മനുഷ്യനെന്ന നിലയിലുള്ള വികാര വിക്ഷേപങ്ങളാണ് നേരത്തെ പ്രകടിപ്പിച്ചത്. പ്രത്യേകിച്ച് പദവികളൊന്നും ഇല്ലാതെയാണ് കഴിഞ്ഞ രണ്ട് വർഷമായി പാർട്ടിയില്‍ പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറിയ ശേഷം മുഴുവന്‍ സമയുവും പാർട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും ശക്തമായ പ്രർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവർത്തക സമിതിയിലേക്ക് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ ആത്മാർഥമായി അഭിനന്ദിക്കുകയാണ്. അവർക്കൊപ്പം പ്രവർത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയതിൽ നന്ദിയുണ്ട്. 16നു ചേരുന്ന പ്രവർത്തകസമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കോണ്‍ഗ്രസ് പാർട്ടിയും ഹൈക്കമാന്‍ഡും തനിക്ക് ഒട്ടേറെ അവസരങ്ങള്‍ തന്നിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് സ്ഥാനം, പ്രതിപക്ഷ നേതാവ് സ്ഥാനം തുടങ്ങിയവയെല്ലാം പാർട്ടി തന്നതാണ്. പദവികളൊന്നും ഇല്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. പുതുപ്പള്ളിയിൽ കോൺഗ്രസിനും യു ഡി എഫിനും വലിയ വിജയം നേടിയെടുക്കുക എന്ന അജൻഡ മാത്രമായിരുന്നു ആ സമയത്ത് തനിക്കുണ്ടായിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തനിക്ക് ഇപ്പോൾ ലഭിച്ചത് 19 വർഷം മുൻപുള്ള സ്ഥാനമാണ് എന്നായിരുന്നു പ്രവർത്തസമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയതിന് പിന്നാലെയുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രവർത്തക സമിതി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ചെന്നിത്തല അന്ന് ആരോപിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇടം നേടാനുള്ള നീക്കങ്ങള്‍ ചെന്നിത്തല നേരത്തേ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല. എന്നാൽ കേരളത്തിൽ നിന്നും പുതുതായി ശശി തരൂരിനെയാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്.












Click it and Unblock the Notifications