സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരരീതി തെറ്റ്; ഹര്‍ത്താലിനെതിരെ ശശി തരൂര്‍
തിരുവനന്തപുരം: ഹര്‍ത്താലിനും വഴി തടയലിനുമെതിരെ തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഐ എന്‍ ടി യുസി പരിപാടിയിലാണ് ഹര്‍ത്താലുകളെയും വഴി തടയലുകളെയും വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്തെത്തിയത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര രീതി തെറ്റാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അത്യാവശ്യമായി ആശുപത്രിയില്‍ പോകുന്നവരെ തടഞ്ഞ് നിര്‍ത്തുന്ന സമരരീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌നം ചര്‍ച്ചകളിലൂടെ ആണ് പരിഹരിക്കേണ്ടത് എന്നും ഹര്‍ത്താലുകളിലൂടെ അല്ല എന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ ദേശീയ ദ്വിദിന പണിമുടക്കിന്റെ പേരില്‍ ഐ എന്‍ ടി യു സിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഈയിടെ നടന്ന ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത്. ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

ദ്വിദിന പണിമുടക്കില്‍ ജനങ്ങള്‍ വലഞ്ഞതും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതുമാണ് പണിമുടക്കിനേയും ഐ എന്‍ ടി യു സിയെയും സതീശന്‍ തള്ളി പറയാന്‍ കാരണം. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം ഐ എന്‍ ടി യു സിക്കാര്‍ സതീശനെതിരെ രംഗത്തെത്തിയിരുന്നു. സതീശനെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ച് ഐ എന്‍ ടി യു സിക്കാര്‍ കേരളത്തിലുടനീളം പ്രതിഷേധിച്ചിരുന്നു.
പ്രശ്‌നം വഷളാകുന്നത് കണ്ടതോടെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു ഐ എന്‍ ടി യു സി ചന്ദ്രശേഖരനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അവിഭാജ്യഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐ എന്‍ ടി യു സിയെ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശന്‍ തിരുത്തി പറഞ്ഞിരുന്നു.
എന്നാല്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. ഇക്കാര്യം കെ പി സി സിയുടെ ഔദ്യോഗിക സര്‍ക്കുലറിലുണ്ടെന്നായിരുന്നു വിവാദങ്ങള്‍ക്ക് മറുപടിയുമായി ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞത്.












Click it and Unblock the Notifications